ജീവിതം പിഴിഞ്ഞ് നികുതി ഊറ്റുന്നു

ജീവിതം പിഴിഞ്ഞ് നികുതി ഊറ്റുന്നു

സാറാ ജോസഫ്

പെട്രോൾ വിലവർദ്ധിപ്പിച്ചത് രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്നാണ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും പേരിൽ നടക്കുന്ന നികുതിക്കൊള്ളയെ ന്യായീകരിച്ചുകൊണ്ട് മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞത് വികസനത്തിന്റെ ഭാരം ആരെങ്കിലും ചുമന്നേ മതിയാകൂ എന്നും പുതുമോടി മന്ത്രിയായ കണ്ണന്താനം പറയുന്നു. വാഹനം വാങ്ങാൻ കഴിവുള്ളവർ ഇന്ധനം നിറയ്ക്കുമ്പോൾ ഒരു തുക അധികം നല്കുന്നതിൽ തെറ്റില്ലെന്നാണ് കണ്ടെത്തൽ. പെട്രോൾ ഡീസൽ പാചകവാതക, വില വർദ്ധിപ്പിച്ചതിന്റെ പേരിൽ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നും കണ്ണന്താനം ഉറപ്പിച്ചു പറയുന്നു.
എന്നാൽ യാഥാർത്ഥ്യമെന്താണ്? ജി.എസ്.ടിയുടെ പേരിലും പെട്രോൾ വില വർദ്ധനമൂലമുണ്ടായ ഗതാഗത ചിലവിന്റെ വർദ്ധനയുടെ പേരിലും നിതേ്യാപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഓണക്കാലത്തുണ്ടായിരുന്നതിനേക്കാൾ വളരെകൂടുതലാണ് ഇപ്പോൾ പച്ചക്കറിയുടെയും വെളിച്ചെണ്ണയുടെയും അരിയുടേയുമൊക്കെ വില. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിലും അപ്പക്കൊട്ടയിലും സർക്കാരുകൾ കൈയിട്ടുമാന്തിയത് കൊണ്ട് വന്ന വില വർദ്ധനയാണിത്. കണ്ണന്താനം കണ്ണടച്ചതുകൊണ്ട് എൽ.പി.ജി യുടെ അക്രമ വില യാഥാർഥ്യമല്ലാതാവുന്നില്ല.
വാഹനം വാങ്ങാൻ കഴിവുള്ളവർ വികസനത്തിന്റെ ഭാരം താങ്ങണമെന്ന വിചിത്രമായ ന്യായം പരിശോധിയ്ക്കുക. സമ്പന്ന വർഗ്ഗത്തെ മാറ്റിനിർത്തിയാൽ, ഇന്ത്യയുടെ വാഹനവിപണി തടിച്ചുകൊഴുക്കുന്നത് മധ്യവർഗക്കാരായ ഉപഭോക്താക്കളെക്കൊണ്ടാണ്. ഏതെങ്കിലുമൊരു വാഹനമില്ലാത്ത മധ്യവർഗ്ഗക്കാർ കേരളത്തിലെങ്കിലും വളരെ കുറവായിരിയ്ക്കും. ഭൂരിഭാഗം ഇടത്തരക്കാർ വാഹനം വാങ്ങുന്നത് റൊക്കം പണം കൊടുത്തിട്ടാവില്ല. വലിയ പലിശയ്ക്ക് ബാങ്ക് ലോൺ എടുത്താണ്, ഇടത്തരക്കാരൻ അന്തസ്സിന്റെ ചിഹ്നമായ കാർ വാങ്ങുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ജി.എസ്.ടി വർദ്ധിപ്പിച്ചതോടെ രണ്ട് ശതമാനം മുതൽ ഏഴ് ശതമാനം വരെ നികുതി വർദ്ധനയാണ് സംഭവിച്ചിട്ടുള്ളത്. പല കമ്പനികളിലും കാർ വില 13,000 രൂപ മുതൽ 1.60 ലക്ഷം രൂപ വരെ വർദ്ധിച്ചിട്ടുള്ളത് ജി.എസ്.ടിയുടെ ഫലമായിട്ടാണ്. ഇത് സാധാരണക്കാരന് വലിയ സഹായം തന്നെയാണല്ലോ!
ഒരു മധ്യവർഗ്ഗക്കാരന്റെ നികുതി ജീവിതം എന്ന പേരിൽ കഥയെഴുതിയാൽ അതിങ്ങനെ വരും. അയാൾ വാങ്ങുന്ന ശമ്പളത്തിന് കൃത്യമായി ഇൻകം ടാക്‌സ് കൊടുത്തേ പറ്റൂ. അതിനും പുറമേ പ്രൊഫഷണൽ ടാക്‌സും കൊടുക്കണം. ഇങ്ങനെ നികുതി കൊടുത്തു കഴിഞ്ഞ പണം കൊണ്ട് പിന്നീടയാൾ വാങ്ങുന്ന ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും പ്രത്യക്ഷപരോക്ഷ നികുതികൾ കൊടുത്തേ പറ്റൂ. ഒരു സോപ്പിന്റെ ഉൽപ്പാദനചെലവും എം.ആർ.പിയും തമ്മിൽ വലിയ വ്യത്യാസം വരുന്നത് ഈ പറഞ്ഞ പ്രത്യക്ഷപരോക്ഷ നികുതികൾ സോപ്പ് ഉല്പാദിപ്പിക്കുന്നതിനുള്ള ചെലവിൽ കൂട്ടിച്ചേർക്കുന്നതുകൊണ്ടാണ്. ഇപ്പോഴാകട്ടെ ലക്കും ലഗാനുമില്ലാത്ത ജി.എസ്.ടിയുടെ അമിതഭാരവും അയാളുടെ മേൽ അടിച്ചേൽപിക്കപ്പെടുന്നുണ്ട്. ഇതിനും പുറമേ, വീട്ടു നികുതി, ഭൂനികുതി, വെള്ളം, വൈദ്യുതി, ഫോൺ, ഇന്റർനെറ്റ്, സിനിമ, ഹോട്ടൽ ഭക്ഷണം തുടങ്ങി നികുതി പിഴിഞ്ഞ് പിഴിഞ്ഞ് ചണ്ടിയാക്കിയ ജീവിതമാണയാൾ ജീവിയ്ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നികുതിക്കൊള്ളകൾ വേറെയും.
ഇടത്തരക്കാരൻ ബാങ്ക് വായ്പ്പയെടുത്ത് കാർ വാങ്ങുമ്പോൾ വലിയൊരു തുക റോഡ് ടാക്‌സായി കൊടുക്കേണ്ടി വരുന്നുണ്ട്. അയാൾ വാങ്ങിച്ച വാഹനം ഓടിയ്ക്കാൻ നല്ല റോഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ആ തുക സർക്കാർ ഈടാക്കുന്നത്. നമ്മുടെ റോഡുകൾ കാറിന്റെ ഈട് വളരെ വേഗത്തിൽ കുറയ്ക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നല്ലതോ ചീത്തയോ ആകട്ടെ, റോഡിലൂടെ വാഹനമോടിയ്ക്കണമെങ്കിൽ ബി.ഒ.ടിപ്പാതകളിലെ കനത്ത ചുങ്കം അയാൾ കൊടുത്തേ തീരൂ. കാസർകോഡ് നിന്ന് തിരുവനന്തപുരം വരെ റോഡുമാർക്ഷം പോകുന്നയാൾ അടയ്‌ക്കേണ്ടി വരുന്ന ടോൾ തുക എത്ര ഭീമമാണെന്ന് നോക്കുക. റോഡ് ടാക്‌സ് വാങ്ങി കാറുടമയെ ബി.ഒ.ടി ക്കാരന് വില്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ ഇടത്തരക്കാരൻ പെട്രോളടിയ്ക്കുമ്പോൾ ‘വികസന’ ത്തിന്റെ ഭാരം കൂടി ചുമക്കണമെന്നാണ് സർക്കാർ പറയുന്നത്. അതിന് വേണ്ടി അയാൾ പെട്രോൾ വില കുറച്ചു കൂട്ടിക്കൊടുക്കാൻ തയ്യാറാവണം.
ഇടത്തരക്കാരും ഉദേ്യാഗസ്ഥരും നാടിന്റെ തികുതി വ്യവസ്ഥയെ മാനിച്ചുകൊണ്ട് കൃത്യമായി നികുതിയടയ്ക്കുന്നവരാണ്. എന്നാൽ നികുതിയടയ്ക്കുന്നതിൽ വൻവീഴ്ച്ച വരുത്തിയിട്ടുള്ള സമ്പന്നരുടെ കോടിക്കണക്കായ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ തയ്യാറാകാത്ത സർക്കാർ ‘വികസനത്തിന്റെ ഭാരം പിന്നെയും സാധാരണക്കാരുടെ തലയിൽ കൊണ്ടിടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർദ്ധനയ്ക്ക് കാരണക്കാരായ കോർപ്പറേറ്റുകളും അമിത നികുതി ഈടാക്കുന്ന കേന്ദ്ര-സംസ്ഥാനസർക്കാരുകളും തുടർന്നുപോരുന്ന നിചമായ ഈ അനീതി ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതാണ് അവ്യക്തമായിരിയ്ക്കുന്നത്. വികസനത്തിന്റെ ഗുണഭോക്താക്കളാണ് കോർപ്പറേറ്റുകളും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരുമടങ്ങുന്ന വർക്ഷം. ജനങ്ങൾ വികസനത്തിന്റെ ഇരകളും വികസനത്തിന് വേണ്ടി കിടപ്പാടം മുതൽ പോക്കറ്റിലെ പണം വരെ നഷ്ടപ്പെടുത്തേണ്ടവരുമായി മാറിയിരിയ്ക്കുന്നു.
പണപ്പെരുപ്പം കൂടിക്കൊണ്ടിരിയ്ക്കുന്നു. ജി.എസ്.ടി കൂടി അടിച്ചേൽപിക്കപ്പെട്ട അനിശ്ചിതത്വത്തിൽ ഇനിയും പണപ്പെരുപ്പം കൂട്ടാനാണ് സാധ്യത. കഴിഞ്ഞ ജൂലായ് മാസത്തിൽ 2.18 ശതമാനത്തിൽ നിന്നിരുന്ന പണപ്പെരുപ്പം ഇന്ധന വില ഉയർന്നതോടെ വെള്ളം പോലെ പെരുകുകയാണ്. നോട്ടുനിരോധനത്തെത്തുടർന്ന് എല്ലാ ഉല്പാദനമേഖലകളിലും സംഭവിച്ച മാന്ദ്യം ജി.എസ്.ടി കൂടി വന്നതോടെ സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നു. ഉല്പാദനവും വിറ്റുവരവും കയറ്റുമതിയും കൊണ്ട് വിലക്കയറ്റം പിടിച്ചു നിർത്തേണ്ട സർക്കാർ ബുള്ളറ്റ് ട്രെയിൻ ഓടിച്ച് കർഷകരെ അമ്പരപ്പിയ്ക്കുന്ന വികസനമാണ് കൊണ്ടുവരാൻ പോകുന്നത്. ഒരു ലക്ഷത്തിലേറെ കർഷകരാണ് ആത്മഹത്യ ചെയ്തത്. കടക്കെണിയും തൊഴിൽ നഷ്ടവും മൂലം ജീവിതം ദുരിതത്തിലാഴ്ന്ന് പോയവർ. ഇവരുടെ വികസനത്തിനുവേണ്ടി സർക്കാർ എന്തുചെയ്തു? പ്രതിഷേധിച്ച കർഷകരെ വെടിവെച്ചുകൊന്നതോ? ഗുജറാത്തിൽ നിന്ന് ബോംബെയിലേയ്ക്ക് വികസനത്തിന്റേ ബുള്ളറ്റ് ട്രെയിൻ മോദി ഓടിച്ചുകേറ്റുന്നത് കർഷകരുടെ നെഞ്ചിലൂടെയാണ് എന്ന് ഇന്ത്യയിലെ സാമാന്യ ജനങ്ങളെങ്കിലും തിരിച്ചറിയണം.
1.10 ലക്ഷം കോടി രൂപയാണ് അതിവേഗം കുതിയ്ക്കാൻ വേണ്ടി ചെലവഴിയ്ക്കാൻ പോകുന്നത്. എന്നിട്ട് ആരാണിതിന്റെ ഗുണഭോക്താക്കൾ? നിലവിലെ എ.സി. ഫസ്റ്റ് ക്ലാസ് നിരക്കിന്റെ ഒന്നരഇരട്ടിയോളം ടിക്കറ്റ് വിലകൊടുത്ത് സഞ്ചരിയ്ക്കാൻ കഴിയുന്ന സമ്പന്നന്മാർ. ഇവർക്കു വേണ്ടിയാണ്, ഇടത്തരക്കാരൻ എന്ന കറവപ്പശു പെട്രോളടിയ്ക്കുമ്പോൾ അധിക തുക കൊടുക്കേണ്ടത്. സ്വന്തം ഭൂമിയും വീടും കൈയൊഴുയേണ്ടത്. കൃഷിനിലങ്ങൾ വിട്ടുകൊടുക്കേണ്ടത്. കണ്ണിൽച്ചോരയില്ലാത്ത വികസനത്തെ വികസനമെന്നല്ല വിളിയ്‌ക്കേണ്ടത്. ‘കുറ്റകൃത്യം’ എന്നാണ്‌

Leave a Reply

Your email address will not be published.