മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി

മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി

മന്ത്രി തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയേറിയെന്ന ആരോപണത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സർക്കാർ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോർണി കെ വി സോഹനോട് കോടതി ചോദിച്ചു. കൈയേറ്റങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും സാധാരണക്കാരൻ കൈയേറിയാലും ഈ നിലപാട് തന്നൊയാണോ സ്വീകരിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.

പാവപ്പെട്ടവൻ ഭൂമി കൈയേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികിൽ താമസിക്കുന്നവരോട് ഈ സമീപനമാണോ സർക്കാരിനുള്ളത് എന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി എം രവീന്ദ്രൻ എന്നിവരങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശം. തോമസ് ചാണ്ടി ഭൂസംരക്ഷണ നിയമവും തണ്ണീർത്തട സംരക്ഷണനിയമവും ലംഘിച്ച് ഭൂമി കൈയേറിയെന്നു കാണിച്ച് തൃശൂരിലെ സിപിഐ നേതാവായ ടി എൻ മുകുന്ദൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടോ എന്ന് സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഭാഗികമായ അന്വേഷണം മാത്രമാണ് ജില്ലാ കളക്ടർ നടത്തിയതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തോമസ് ചാണ്ടി ഭൂമി കൈയേറിയതിനെതിരെ വന്ന മൂന്നു ഹരജികളും ഒരുമിച്ച് പരിഗണിക്കാൻ ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.