വേണ്ടത് യോജിച്ച പ്രക്ഷോഭം

വേണ്ടത് യോജിച്ച പ്രക്ഷോഭം

500,1000 രൂപാ നോട്ടുകൾ അസാധുവാക്കുന്ന വിവരം അംബാനി, അദാനി പോലെയുള്ള സ്വന്തക്കാർക്ക് നേരത്തെ ചോർത്തിക്കൊടുത്തിരുന്നു എന്ന വസ്തുത പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ ബിജെപി എംഎൽഎ ഭവാനിസിംഗ് തന്നെയാണ് വിവരങ്ങൾവെളിപ്പെടുത്തിയത്. ഇക്കാര്യം സംയുക്ത പാർലിമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ, എഐഡിഎംകെ, ഇടതുപാർട്ടികൾ, എസ്പി പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ കൊടുങ്കാറ്റ് വിതച്ചു.

കള്ളപ്പണവേട്ട എന്നതിലേറെ കോർപ്പറേറ്റുകൾക്ക് വേണ്ടി മോദി സർക്കാരിന്റെ ഒളിയജണ്ടകൾ നടപ്പാക്കുക എന്ന ലക്ഷ്യമാണ് നോട്ട് അസാധുവാക്കലിന്റെ പിന്നിൽ എന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ ജനം ഇപ്പോൾ തിരിച്ചറിയുന്നത് ദുരൂഹമായ ഗൂഢാലോചനകൾ നടത്തി ഒരൊറ്റ രാത്രികൊണ്ടു ജനങ്ങൾക്ക് മേൽഅടിച്ചേൽപ്പിച്ച സാമ്പത്തിക അടിയന്തിരാവസ്ഥയായിട്ടാണ്. പൊതുജനങ്ങളുടെ നിത്യജീവിതം തകർത്ത മോദിയെ ലോകത്തെ ജനവഞ്ചകരായ എകാധിപതികളുടെ ഇനത്തിൽ പെടുത്തി ചോദ്യം ചെയ്യാൻ ജനാധിപത്യ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇതിന്റെ സൂചനയാണ് ‘നോട്ട് നിരോധനം’ മൂന്ന് ദിവസത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾനേരിടേണ്ടി വരുമെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും താക്കീതുകളിൽ മുഴങ്ങുന്നത്. ചായക്കോപ്പയിലെ കൊടുങ്കാറ്റായി പാർലിമെന്റിനകത്തു കെട്ടടങ്ങേണ്ട പ്രതിഷേധമല്ല, ഇനി ആവശ്യമെന്ന് ക്യൂവിൽനിന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സാധാരണ ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒറ്റ രാത്രി കൊണ്ട് ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച മോദിയുടെ പരമാധികാരത്തെ മൂന്ന് രാത്രി കൊണ്ട് തിരുത്താൻ ജനങ്ങളെക്കൊണ്ടാകുമോ? തെരുവിലെ വിപ്ലവത്തിന് മമതയ്ക്കും കേജ്‌രിവാളിനും ഒപ്പം ആരൊക്കെയുണ്ടാകും? ഇടതുപക്ഷ കക്ഷികളെ മുഴുവൻജനം അവിടെ പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്ന മോദിയുടെ നീക്കത്തിൽപ്രതിഷേധിച്ച് ഇടതുവലതു കക്ഷികൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറായിട്ടുണ്ട്. നല്ലത്. എന്നാൽ ഇതേ യോജിപ്പ് മമതയോടും കേജ്‌രിവാളിനോടും ഇല്ലാത്തത് ദുരൂഹമായിരിക്കുന്നു. ജനങ്ങളുടെ പണത്തിൻമേൽ ഓരോ ദിവസവും കൂടുതൽ കൂടുതൽ പിടിമുറുക്കുന്ന സാമ്പത്തികഭീകരാവസ്ഥയാണ് മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന് കള്ളപ്പണം, ഭീകരവാദം എന്നൊക്കെപ്പറഞ്ഞ് ദേശസ്‌നേഹത്തിന്റെ മുഖമുദ്ര ചാർത്തുന്നു.

മോദി അധികാരത്തിൽവന്നതിനുശേഷം ജനങ്ങൾതിരിച്ചറിഞ്ഞ ഒട്ടേറെ അപകടസൂചനകളുണ്ട്. ലാൻഡ് അക്വിസിഷൻബില്ല് കൊണ്ടുവന്നപ്പോൾ ഏതുനേരത്തും നമ്മുടെ ഭൂമി പിടിച്ചെടുക്കാനുള്ള അധികാര കേന്ദ്രീകരണം കൊണ്ടുവരുന്നു എന്ന ഭയം ജനങ്ങളെ പിടികൂടി. ജനങ്ങൾക്കെല്ലാവർക്കും ഒരുപോലെ അവകാശപ്പെടുന്ന ഇന്നാട്ടിലെ വിഭവങ്ങൾ എല്ലാം ഒറ്റയടിക്ക് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയങ്ങൾ സാധാരണക്കാരെ രാജ്യത്തിന്റെ അവകാശികളല്ലാതെയാക്കി. നമ്മുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, എഴുത്ത്, സംസ്‌ക്കാരം എല്ലാത്തിന്റെയും നിർണയാധികാരി ഞാനാണെന്ന നീക്കമാണ് ദാദ്രി സംഭവത്തിലൂടെ മോദി പ്രഖ്യാപിച്ചത്. ഇതാ ഇപ്പോൾ, നമ്മുെട പണം നമ്മളിൽനിന്ന് പിടിച്ചെടുക്കാൻ ഒറ്റ രാത്രികൊണ്ട് തനിക്കാകുമെന്ന് പ്രധാനമന്ത്രി പദം ദുരുപയോഗിച്ചുകൊണ്ട് മോദി ഭീതിദാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

Not my president, Deport trump തുടങ്ങിയ പ്ലക്കാർഡുകളുമേന്തി അമേരിക്കയിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിക്കുന്നു. ട്രംപിന്റെ വിജയത്തിൽ മനസുതുറന്ന് അഭിനന്ദിച്ചു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പിന് മീതെ എപ്പോൾവേണമെങ്കിലും ഒരു ന്യുക്ലിയർ ബോംബിടാൻ താൻ ഒരുക്കമാണെന്ന് പറഞ്ഞ ട്രംപ് വഴിയാണ് എൻഎസ്ജി അംഗത്വം ഇന്ത്യക്ക് കൈവരാൻപോകുന്നതെന്ന് മോദിയ്ക്ക് ഉറപ്പുണ്ട്. എത്രയും പെട്ടെന്ന് ട്രംപുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുക്കങ്ങൾനടക്കുകയാണ്. അതിന്റെ മുന്നോടിയായി വിദേശകാര്യ സെക്രട്ടറി അമേരിക്കയിൽഎത്തിക്കഴിഞ്ഞു.
ഏകാധിപതികളുടെ ഐക്യം ലോകത്തിന്റെ ഭാവിയെ അശുഭകരമായി ബാധിക്കാൻപോകുകയാണ്.

 

Leave a Reply

Your email address will not be published.