ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായിക്കിനെ കൈമാറാമെന്ന് മലേഷ്യ

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായിക്കിനെ കൈമാറാമെന്ന് മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടു നൽകാൻ തയ്യാറാണെന്ന് മലേഷ്യ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അറിയിച്ചു. മലേഷ്യൻ പാർലമെന്റിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. സാക്കിർ നായിക്കിനെ വിട്ടുകിട്ടാനായി മന്ത്രാലയം ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് മലേഷ്യ തങ്ങളുടെ നിലപാട് അറിയിച്ചത്. സാക്കിറിനെ വിട്ടുനൽകാൻ മലേഷ്യൻ സർക്കാരിന് താമസിയാതെ അപേക്ഷ നൽകുമെന്നും ഇതിനായുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ദിവസങ്ങൾക്കകം വിശദാംശങ്ങൾ പുറത്തുവിടുമെന്നും മന്ത്രാലയ വക്താവ് രവീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സാക്കിർ നായിക്കിന് മലേഷ്യയിൽ സ്ഥിരതാമസത്തിന് അവിടത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സർക്കാർ മുന്നോട്ട് പോവുന്നത്. മലേഷ്യയിൽ നായിക്കിനെതിരെ കേസൊന്നുമില്ലാത്തതിനാലാണ് സ്ഥിരതാമസാനുമതി നൽകിയതെന്നാണ് മലേഷ്യയുടെ വാദം. ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കുന്നതിന് മുമ്ബാണ് സാക്കിറിന് സ്ഥിര താമസാനുമതി നൽകിയതെന്നും മലേഷ്യ അറിയിച്ചു.

ബംഗ്ലാദേശ് തലസ്ഥാനമായ ഢാക്കയിൽ നടന്ന ഭീകരാക്രമണത്തിനെത്തിയവർക്ക് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടർന്നാണ് സാക്കിറിന് കീഴിലുള്ള സംഘടനകളെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്. തുടർന്ന് കേന്ദ്രസർക്കാർ നടത്തിയ അന്വേഷണത്തിൽ സാക്കിറിന്റെ കീഴിലുള്ള ചില സംഘടനകൾ വിദേശത്ത് നിന്നും ലഭിക്കുന്ന ധനസഹായം തീവ്രവാദ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തി. അടുത്തിടെ ഇന്ത്യയിൽ നിന്നും ഐസിസിലെത്തിയ യുവാക്കൾക്കും സാക്കിറിന്റെ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇതിനിടെ സാക്കിറിനെതിരായ കേസിൽ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published.