ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം സീസണിലെ കൊച്ചിയിലെ മത്സരങ്ങളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിനും ബംഗളൂരുവിനെതിരെയുള്ള മത്സരത്തിനും സാധാരണ നിരക്കിനേക്കാൾ കൂടുതലാണ് എല്ലാ കാറ്റഗറിയിലും. സാധാരണ 200 രൂപയക്ക് തുടങ്ങുന്ന ടിക്കറ്റിന് കൊൽക്കത്തയ്‌ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിലും ഡിസംബർ 31 ന് ബംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിനും 240 രൂപയാണ് നിരക്ക്. ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്.

240 മുതൽ 10,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വിൽപ്പനക്കുള്ളത്. കഴിഞ്ഞ വർഷം 200 രൂപയായിരുന്നു കൊച്ചിയിലെ മത്സരങ്ങൾക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക്. സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയിലായതിനാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മറ്റെല്ലാ സീസണിലും കൊച്ചിയിലെ ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റുപോയിരുന്നു.

ആദ്യ മത്സരത്തിന് പുറമേ ചെന്നൈ എഫ് സി ക്കെതിരായ അവസാന മത്സരത്തിനും ന്യൂ ഇയർ രാത്രി നടക്കുന്ന ബംഗളൂരു എഫ് സിക്കെതിരായുമുള്ള മത്സരത്തിലും 240 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ബാക്കിയുള്ള കളികൾക്കെല്ലാം 200 ൽ തുടങ്ങുന്ന ടിക്കറ്റുകളുണ്ട്. തങ്ങളുടെ ഹോം മത്സരങ്ങൾക്ക് 50 രൂപ ടിക്കറ്റ് പ്രഖ്യാപിച്ച് ഐഎസ്എല്ലിലെ പുതുമുഖങ്ങളായ ജംഷദ്പൂർ എഫ്‌സി ബുധനാഴ്ച രംഗത്തെത്തിയിരുന്നു.

കൂടിയ നിരക്കിലുള്ള മത്സരങ്ങൾക്ക് വെസ്റ്റ്, ഈസ്റ്റ് ഗാലറികൾക്ക് 240 രൂപയും ഗോൾ പോസ്റ്റിന് പിറകിലായുള്ള ബി, ഡി ബ്ലോക്കുകൾക്ക് 500 രൂപയും ഈസ്റ്റ് ഗാലറിക്ക് താഴെയുള്ള സി ബ്ലോക്കിന് 700 രൂപയുമാണ് നിരക്ക്. വെസ്റ്റ് ഗാലറിക്ക് താഴെയായി വിഐപി ലോഞ്ചിന് ഇരുവശങ്ങളിലുമുള്ള എ, ഇ ബ്ലോക്കുകൾക്ക് 850 രൂപയും വിഐപി ലോഞ്ചിന് 3500 രൂപയുമാണ് കൂടിയ നിരക്ക്.

മറ്റുമത്സരങ്ങൾക്ക് വെസ്റ്റ്, ഈസ്റ്റ് ഗാലറികൾക്ക് 200 രൂപയും ഗോൾ പോസ്റ്റിന് പിറകിലായുള്ള ബി, ഡി ബ്ലോക്കുകൾക്ക് 400 രൂപയും ഈസ്റ്റ് ഗാലറിക്ക് താഴെയുള്ള സി ബ്ലോക്കിനും വെസ്റ്റ് ഗാലറിക്ക് താഴെയായി വിഐപി ലോഞ്ചിന് ഇരുവശങ്ങളിലുമുള്ള എ, ഇ ബ്ലോക്കുകൾക്കും 650 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിഐപി ലോഞ്ചിന് 2,500 രൂപയാണ് സാധാരണ നിരക്ക്.

Leave a Reply

Your email address will not be published.