ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒമ്പത് മണിയോടെ മുംബൈയില്‍ എത്തും. വ്യവസായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം കൊണ്ടു വരുന്നത്. സംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈയില്‍ നടക്കും. പവന്‍ ഹന്‍സിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
സോനാപൂരില്‍ എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അര്‍ജുന്‍ കപൂറും അദ്ദേഹത്തിന്റെ അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും ബോണി കപൂറിനൊപ്പം മൃതദേഹത്തെ അനുഗമിക്കും. അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും.
ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. അനുമതി പത്രം കോണ്‍സുലേറ്റിലെത്തിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായി. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നതിനാലും അപകട മരണമാണെന്ന് പ്രചരിച്ചതിനാലും ഫോറന്‍സിക് പരിശോധനകള്‍ക്കും മറ്റു തുടര്‍നടപടികള്‍ക്കുമായി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് വൈകുകയായിരുന്നു.
എന്നാല്‍ ഊഹാപോഹങ്ങളെല്ലാം പാടേ പിന്തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്നും മരണത്തില്‍ ദുരൂഹതയിലെന്നും ദുബായ് പോലീസ് സ്ഥിരീകരിച്ചു. മരണത്തെ സംബന്ധിച്ച കേസ് ദുബായ് പോലീസ് അവസാനിപ്പിച്ചതായും അറിയിച്ചു.
ശ്രീദേവിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി നിരവധി താരങ്ങളാണ് മുംബൈയിലേക്കെത്തിച്ചേരുന്നത്.
ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ കപൂര്‍ കുടുംബത്തിന്റെ വസതിക്ക് മുന്നില്‍ കാത്തിരിക്കുന്നത്.
ഫെബ്രുവരി 25നാണ് ഇന്ത്യന്‍ സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ദുബായിയില്‍ വച്ച് മരണമടയുന്നത്. ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയും ദുബായിലെത്തിയത്.