ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.
ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായല്ല ഈ തീരുമാനമെന്നും ശാക്തികരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് പുതിയ തീരുമാനമെന്നും നഖ്വി വ്യക്തമാക്കി.
യു.പി.എ ഭരണകാലത്ത് ഹജ്ജ് തീര്‍ത്ഥാടകരെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുമെന്നും മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്പനിയായ ഫ്ലൈനാസ് തുടങ്ങിയവയ്ക്കാണ് നിലവില്‍ നിരക്ക് കുറച്ചിട്ടുള്ളത്. ഈ കമ്പനികള്‍ ഈടാക്കുന്ന നിരക്കിന്റെ ആനുപാതികമായിരിക്കും വിമാനക്കൂലിയിലെ കുറവ് നിര്‍ണയിക്കുക.
ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 2013-2014 വര്‍ഷത്തില്‍ മുംബൈയില്‍ നിന്ന് 98,750 രൂപയായിരുന്നു ഹജ്ജ് വിമാനക്കൂലിയെങ്കില്‍ അത് ഇത്തവണ 57,857 രൂപയായി കുറയും. ഏകദേശം 41000 രൂപയ്ക്കടുത്ത് വിമാനക്കൂലിയില്‍ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1.75 ലക്ഷം ആളുകളാണ്. കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.