കോഴിക്കോട്: ചെന്നൈയില്‍ തിരിച്ചുപിടിച്ച ദേശീയ സീനിയര്‍ വോളിബാള്‍ കിരീടം കേരളത്തിന്റെ പുരുഷസംഘം നിലനിര്‍ത്തി. കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ്സെന്ററില് നടന്ന വാശിയേറിയ ഫൈനലില്‍ റെയിൽവേക്ക് മുന്നിൽ ആദ്യസെറ്റ് കൈവിട്ടശേഷം, തുടർച്ചയായി മൂന്ന് സെറ്റ് ജയിച്ചാണ് കേരളം അറുപത്തിയാറാമത് ദേശീയ വോളിബാള്‍ പുരുഷ കിരീടമണിഞ്ഞത്. സ്കോര്‍: 24-26, 25-23, 25-19, 25-21. വനിതകളിൽ തുടർച്ചയായി പത്താം തവണയും റെയിൽവേക്ക് മുന്നിൽ കിരീടം അടിയറവുവെച്ചു. സ്കോര്‍: 25-21, 26-28, 21-25, 25-18, 15-12.
അറ്റാക്കര്‍ അജിത്ത് ലാല്‍, ക്യാപ്റ്റന്‍ ജെറോം വിനീത്, വിബിന് എം. ജോര്‍ജ്, ആക്രമണവും പകരക്കാരനായി ഇറങ്ങിയ സെറ്റര്‍ എൻ. ജിതിന് എന്നിവരുടെ പ്രകടനമാണ് ആറാം കിരീടം സ്വന്തമാക്കാന്‍ ആതിഥേയരെ സഹായിച്ചത്. പ്രതിരോധനിരയില്‍ ജി.എസ് അഖിനും നിര്‍ണായക പങ്കുവഹിച്ചു. 2001ല്‍ സ്വപ്നനഗരിയിലെ മൈതാനത്ത് ജേതാക്കളായ കേരളം കോഴിക്കോടുനിന്ന് മറ്റൊരു കിരീടം കൂടിയാണ് നേടിയെടുത്തത്. കേരളത്തിന്റെ അജിത്ത് ലാലാണ് ചാമ്പ്യന്‍ഷിപ്പിലെ താരം.
ആദ്യ സെറ്റ് നഷ്ടപ്പെട്ടുപോയ കേരളത്തെ അജിത്ത് ലാലിന്റെ മികച്ച പ്രകടനമാണ് കിരീടത്തിലേക്ക് നയിച്ചത്. വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുൻ ഇന്ത്യൻ നായകൻ വിബിൻ എം ജോർജ് നാലം സെറ്റിൽ കേരളത്തിന് വിജയ പോയിന്റ് സമ്മാനിച്ച് അഭിമാനത്തോടെയാണ് കളം വിട്ടത്. വിബിൻ എം ജോർജിനെ എടുത്തുയർത്തി കേരള താരങ്ങൾ ആനന്ദനൃത്തം ചവിട്ടി. പ്രഭാകരന്റെയും നായകൻ മനു ജോസഫിന്റെയും കരുത്തിലാണ് റെയിൽവേസ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. ആദ്യസെറ്റിൽ രണ്ട് പോയിന്റുകൾക്ക് മുന്നിൽനിന്ന കേരളത്തിനായി കൂടുതൽ പോയിന്റുകൾ നേടിയത് അഖിനും അജിത് ലാലുമായിരുന്നു. 7‐7 സ്കോറിന് ഇരുടീമുകളും ഒപ്പമെത്തി. പിന്നീടങ്ങോട്ട് 16‐15, 17‐15 സ്കോറിന് പ്രഭാകരൻ റെയിൽവേയുടെ ലീഡ് ഉയർത്തി. 16‐17 സ്കോറിന് അജിത്ത്ലാൽ കേരളത്തിന് പോയിന്റ് സമ്മാനിച്ചു. 18‐18 സ്കോറിന് ഇരുടീമുകളും ഒപ്പമെത്തി. എന്നാൽ പിന്നീട് റെയിൽവേയുടെ കുതിപ്പായിരുന്നു.
രണ്ടാം സെറ്റിൽ തകർപ്പൻ തിരിച്ചുവരവാണ് കേരളം നടത്തിയത്. ആദ്യ രണ്ട് പോയിന്റുകൾ റെയിവേക്കായിരുന്നു. ആദ്യ സെറ്റിൽ നിറംമങ്ങിയ സെറ്റർ മുത്തുസാമിയെ മാറ്റി എൻ ജിതിനെ ഇറക്കിയത് കേരളത്തിന് ഏറേ ഗുണകരമായി. നായകൻ ജെറോമിന്റെ സ്മാഷുകൾ റെയിൽവേ പ്രതിരോധപ്പട ബ്ലോക്ക് ചെയ്തപ്പോൾ അജിത് ലാൽരക്ഷകനായി.17‐15ന് വിബിനും 18‐16 സ്കോറിന് അജിത്ത്ലാലും 19‐17 സ്കോറിന് ജെറോമും കേരളത്തിന്റെ ലീഡ് ഉയർത്തി. എന്നാൽ 21‐21 സ്കോറിന് പ്രഭാകരൻ റയിൽവേയെ ഒപ്പമെത്തിച്ചു. 22‐21 സ്കോറിന് വിബിൻ ആതിഥേയരെ മുന്നിലെത്തിച്ചു. അവസാന സർവീസിൽ വിബിൻ രണ്ടാംസെറ്റ് കേരളത്തിന് സമ്മാനിച്ചു (25‐23). മൂന്നാം സെറ്റും തുടക്കം ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പതിയെ കേരളം ലീഡ് പിടിച്ചു. 20‐14ന് മുന്നിലെത്തിയ കേരളം 25‐19ന് ഒടുവിൽ ജിതിന്റെ പോയിന്റോടെ സെറ്റ് പൂർത്തിയാക്കി. റെയിൽവേ രാജ്യാന്തര താരം പ്രഭാകരന്റെ സെർവുകൾപോലും സമർദത്തിൽ പിഴച്ചു. അവസാന സെറ്റിലും കേരള താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത് ഒരു ഘട്ടത്തിൽപ്പോലും റെയിൽവേസിന് അവസരം നൽകിയില്ല.(25‐20).