ന്യൂഡൽഹി : ഏകീകൃത മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്) എഴുതുന്നവർക്ക് സിബിഎസ്ഇ നിശ്ചയിച്ച ഉയർന്ന പ്രായപരിധി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. പൊതുവിഭാഗത്തിലെ വിദ്യാർഥികൾക്ക് 25 വയസ്സും സംവരണവിഭാഗത്തിന് 30 വയസ്സും പ്രായപരിധി നിശ്ചയിച്ചതിനാണ് സ്റ്റേ.
ഓപ്പൺ സ്കൂൾ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കേണ്ടതില്ലെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. സിബിഎസ്ഇ വിജ്ഞാപനത്തെ ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദ്രശേഖർ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പ്രായപരിധി ഏർപ്പെടുത്തിയതിനെതിരെ നേരത്തെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.