ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 41 വസ്തുവകകളാണ് കണ്ടുകെട്ടിയത്. മുംബൈയിലെയും ഹൈദരാബാദിലെയും ഫ്‌ലാറ്റുകള്‍ അടക്കം 1217 കോടി വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
ഗീതാഞ്ജലി ജെംസ് പ്രമോട്ടറായ മെഹുല്‍ ചോക്‌സിയുടെ മുംബൈയിലെ 15 ഫ്‌ലാറ്റുകള്‍, 17 ഓഫീസ് സമുച്ചയങ്ങള്‍, കൊല്‍ക്കത്തയിലെ മാള്‍, അലിബാഗിലെ നാല് ഏക്കര്‍ പാം ഹൗസ്, നാസിക്, നാഗ്പൂര്‍, പനവേല്‍, തമിഴ്‌നാട്ടിലെ വില്ലുപുരം എന്നിവിടങ്ങളിലായുള്ള 231 ഏക്കര്‍ ഭൂമി എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
ഹൈദരാബാദിലെ 500 കോടി വിലമതിക്കുന്ന 170 ഏക്കര്‍ പാര്‍ക്ക്, മഹാരാഷ്ട്രയിലെ ബോറിവാലിയിലെ നാല് ഫ്‌ലാറ്റുകള്‍, സാന്റാക്രൂസിലെ ഖേമു ടവേഴ്‌സിലെ ഒമ്പത് ഫ്‌ലാറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,000 കോടി തട്ടിച്ചെന്ന കേസില്‍ നീരവ് മോദിക്കൊപ്പം പ്രതിയാണ് മെഹുല്‍ ചോക്‌സി. ഇരുവര്‍ക്കുമെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു.
നേരത്തെ മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കുമെതിരെ ആദായ നികുതി വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.