മാർച്ച് മാസത്തോടടുക്കുമ്പോൾ, മാസത്തിന്റെ ആദ്യവാരം ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മറെ പുൽമൈതാനത്ത് ആരാധകർക്ക് കാണാനാകില്ല. ഇപ്പോൾ നാലു സീസണുകളിലായി ഇതുതന്നെയാണ് അവസ്ഥ. ഒന്നുകിൽ പരിക്കേൽക്കും അല്ലെങ്കിൽ സസ്‌പെൻഷൻ വാങ്ങിവെക്കും. ഒടുവിൽ ആരാധകർ തന്നെ അതിന്റെ കാരണം കണ്ടെത്തിക്കഴിഞ്ഞു. നെയ്മറുടെ അമിതമായ സഹോദരി സ്‌നേഹമാണ് ഇതിന് പിന്നിലെന്നാണ് ഫുട്‌ബോൾ പ്രേമികളുടെ കണ്ടെത്തൽ.
മാർച്ച് 11നാണ് സഹോദരി റഫേല സാന്റോസിന്റെ പിറന്നാൾ. എല്ലാ വർഷവും നെയ്മർ സഹോദരിയുമായി ബെർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ഈ ചെറുപ്പക്കാരന്റെ ഗ്രൗണ്ടിൽ നിന്നുള്ള മുങ്ങലുകളുടെ കാരണമായി പൊക്കിക്കൊണ്ടു നടക്കുകയാണ് ഇപ്പോൾ. പുലിവാൽ കല്യാണം സിനിമയിൽ സലീം കുമാർ ‘കൊച്ചി എത്തീ…’ എന്ന് പറയുന്നപോലെ, ”മാർച്ച് എത്തീ.. ഇനി നെയ്മറെ കാണില്ല” എന്നാണ് ആരാധകരുടെ ട്വീറ്റുകൾ.
ഏറെ പ്രശസ്തമാണ് നെയ്മറും സഹോദരി റഫേല സാന്റോസുമായുള്ള ബന്ധത്തിന്റെ ആഴം. നെയ്മറുടെ വലതു കയ്യുടെ ഷോൾഡറിന് താഴെത്തന്നെ വലതുതായി തന്നെ പച്ചകുത്തിയിട്ടുണ്ട് റഫേലയുടെ മുഖം. അതുപോലെ തന്നെ സഹോദരിയും. എന്തായാലും കഴിഞ്ഞ സീസണുകളെപ്പോലെ തന്നെ ഇക്കുറിയും പെങ്ങളുടെ പിറന്നാളിന് നെയ്മർ നാട്ടിൽ കാണുമെന്ന് ഉറപ്പായി.
ഫ്രഞ്ച് ലീഗിൽ മാഴസലിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ നെയ്മർക്ക് ശസ്ത്രക്രിയ വേണമെന്ന കാര്യം പിഎസ്ജി തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനി റയലിനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ ടീമിലുണ്ടാകില്ല. നേരത്തേ പരിക്ക് ഗുരുതരമല്ലെന്നും തുടർ പരിശോധനകൾക്കു ശേഷം മാത്രമേ അക്കാര്യം വ്യക്തമാകൂ എന്നുമാണ് പിഎസ്ജി പരിശീലകൻ എമറി പറഞ്ഞത്.
ആറ് ആഴ്ച മുതൽ എട്ട് ആഴ്ച വരെ താരത്തിന് ശസ്ത്രക്രിയക്കു ശേഷം നഷ്ട്ടപ്പെടുമെന്നാണ് പ്രാഥമിക സൂചനകൾ. ആംഗിളിനാണ് പരിക്കെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ആംഗിൾ വ്യതിയാനത്തിനു പുറമേ എല്ലിനു പൊട്ടലുമുണ്ട്. ബ്രസീലിയൻ ടീം ഡോക്ടറുടെയും പിഎസ്ജി ടീം ഡോക്ടറുടെയും നേതൃത്വത്തിൽ ഈയാഴ്ച അവസാനത്തോടെ ബ്രസീലിൽവെച്ച് താരത്തിന്റെ ശസ്ത്രക്രിയ നടക്കും.
ശസ്ത്രക്രിയക്ക് ശേഷം ലോകകപ്പ് മത്സരങ്ങളിൽ നെയ്മർക്ക് പങ്കെടുക്കാനാകില്ലെന്ന കാര്യങ്ങൾ പിഎസ്ജിയും ബ്രസീലിയൻ ദേശീയ ടീമും നിരാകരിച്ചിട്ടുണ്ട്.
ലോകകപ്പിനു മുൻപ് തന്നെ താരം ഗ്രൗണ്ടിൽ തിരിച്ചെത്തുമെന്ന് പിഎസ്ജി പരിശീലകൻ പറഞ്ഞു. പക്ഷേ, ലോകകപ്പിന് മുന്നോടിയായി റഷ്യയിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ ബ്രസീലിയൻ ടീമിൽ നെയ്മറുടെ സാന്നിധ്യമുണ്ടാകില്ല. സൂപ്പർ താരത്തിന് പരിക്കേറ്റതോടെ പരിശീലന മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം പ്രഖ്യാപനം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.