കൊച്ചി : അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. അഡ്വ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ച സംഭവത്തിൽ മുൻ കപ്യാർ അറസ്റ്റിൽ. തേക്കിൻതോട്ടം വട്ടേക്കാടൻ വീട്ടിൽ ജോണിനെയാണ് കുരിശുമുടിയിലെ ഒന്നാം സ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വൈദികന് നേരെ ആക്രമണം നടന്ന ആറാം സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് ഒന്നാം സ്ഥലം. ആക്രമണത്തിന് ശേഷം ഒാടി രക്ഷപ്പെട്ട ജോണി ഒന്നാം സ്ഥലത്തുള്ള പന്നി ഫാമിന് സമീപം വിശ്രമിക്കുകയായിരുന്നു. ജോണിയെ ഉടൻ തന്നെ കാലടി പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
വ്യാഴാഴ്ച ഉച്ചക്ക് കുരിശുമുടിയിൽ നിന്ന് അടിവാരത്തേക്ക് ഇറങ്ങുകയായിരുന്ന ഫാ. സേവ്യർ തേലക്കാട്ടിനെ ജോണി തടഞ്ഞു നിർത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം ജോണി വനത്തിനുള്ളിലേക്ക് ഓടിപ്പോയിരുന്നു. പൊലീസിന്‍റെ നേതൃത്വത്തിൽ മലയാറ്റൂർ വനത്തിൽ ജോണിക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു.
തുടയിൽ ആഴത്തിൽ കുത്തേറ്റ ഫാ. സേവ്യറിന്റെ രക്തക്കുഴലുകൾ പൊട്ടുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. മല ഇറങ്ങുമ്പോൾ റെക്ടറിന്റെ കൂടെയുണ്ടായിരുന്ന പ്രവാസിയായ മനുവും മലയിലെ ആറാം സ്ഥലത്തിന് സമീപം പ്ലമ്പിങ് ജോലി നടത്തിക്കൊണ്ടിരുന്ന മൂന്ന് തൊഴിലാളികളും ചേർന്നാണ് കുഴഞ്ഞുവീണ അദ്ദേഹത്തെ അര മണിക്കൂറോളം ചുമന്ന് അടിവാരെത്തത്തിച്ച് വാഹനത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, വഴിമധ്യേ രക്തം വാർന്ന് ഫാ. സേവ്യർ മരിച്ചു.
റെക്ടർ മല കയറാൻ പോയിട്ടുണ്ടെന്ന് അറിഞ്ഞ് എത്തിയതായിരുന്നു ജോണി. 25 വർഷമായി കപ്യാരുടെ ചുമതലയിലുള്ള ജോണിയെ മദ്യപാനത്തിന്‍റെയും സ്വഭാവദൂഷ്യത്തിന്റെയും പേരിൽ ആഴ്ചകൾക്ക് മുമ്പ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ചർച്ചക്ക് എത്താൻ ജോണിയോട് ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നു.