മലപ്പുറം: സിപിഎമ്മിന് പിന്നാലെ സിപിഐയിലും വ്യക്തിപൂജാ വിവാദം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തിപൂജാ സംസ്ക്കാരത്തിന്‍റെ അടിമ ആണെന്നും സ്വന്തം തല അടിച്ച ഫ്ലക്സുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആളാണെന്നും സംസ്ഥാന സമ്മേളനത്തില്‍ ആക്ഷേപമുണ്ടായി. സംസ്ഥാന സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിമാരും ചേര്‍ന്ന് എം.എന്‍. സ്മാരകം അധികാര കേന്ദ്രമാക്കി മാറ്റിയെന്നും എല്ലാം കൈപ്പിടിയില്‍ ഒതുക്കിയെന്നും രോഷപ്രകടനമുണ്ടായി.
കെ.ഇ ഇസ്മയിലിന് എതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സി.പി.ഐ. സമ്മേളനത്തില്‍വലിയ ചര്‍ച്ചയ്ക്കാണ് വഴി ഒരുക്കിയത്. സമ്മേളനത്തിന്റെ സ്വാഭാവികമായ ഒരു നടപടിക്ക് ഇത്ര പ്രാധാന്യം കിട്ടിയതിനെയാണ് അംഗങ്ങള്‍ ചോദ്യംചെയ്തത്. ഇത് ‘കണ്‍ട്രോള്‍ കമ്മിഷനാണോ’, ‘അണ്‍ കണ്‍ട്രോള്‍ കമ്മിഷനാ’ണോ എന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സംശയം രേഖപ്പെടുത്തി. ഇസ്മായിലിനെ അപകീര്‍ത്തിപ്പെടുത്താന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതാണെന്നുപോലും ചില പ്രതിനിധികള്‍ പറയാതെ പറഞ്ഞു. ആരോപണങ്ങളെ കാനം പ്രതിരോധിച്ചു. റിപ്പോര്‍ട്ട് ചോര്‍ന്നത് അത് പ്രതിനിധികള്‍ക്ക് കിട്ടിയ ശേഷമാണെന്ന് കാനം സ്ഥാപിച്ചു. പരാതിയുണ്ടെങ്കില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷനു മുന്‍പാകെ പോകാം.
സമ്മേളനത്തില്‍ റിപ്പോര്‍ട്ടിനൊപ്പം വെക്കുന്ന ഒരു രേഖയ്ക്ക് എങ്ങനെ ഇത്ര പ്രാധാന്യം കിട്ടിയെന്നു ചിലര്‍ ചോദിച്ചു. കണ്‍ട്രോള്‍ കമ്മിഷനിലെ ചില പരാമര്‍ശങ്ങള്‍ക്കുമാത്രം കൂടുതല്‍ പ്രാധാന്യം കിട്ടി. ചിലരുടെ പേരുകള്‍മാത്രം ഇട്ടുകൊടുത്ത് പുറത്ത് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് സമ്മേളനത്തിന്റെ മൊത്തം ശോഭയും കെടുത്തിക്കളഞ്ഞെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ രോഷം. ഒന്‍പത് ജില്ലകളില്‍നിന്ന് ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ രൂക്ഷമായ ഭാഷയിലാണ് നേതൃത്വത്തിന്റെ നടപടിയെ വിമര്‍ശിച്ചത്.
പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണത വളരുന്നുവെന്നും തീരുമാനങ്ങളെല്ലാം സെക്രട്ടറി ഏകപക്ഷീയമായി എടുക്കുന്നുവെന്ന വിമര്‍ശനങ്ങളെ കാനം പ്രതിരോധിച്ചു. പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനം മികവുറ്റതല്ലെന്ന ആരോപണങ്ങള്‍ കാനവും ശരിവെച്ചു. സി.പി.ഐ.യുടെ മുന്‍മന്ത്രിമാരുടെ പ്രവര്‍ത്തനമികവ് ഇപ്പോഴില്ലെന്ന വിമര്‍ശനം ശരിതന്നെ. അതേസമയം, ഈ മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മന്ത്രിമാരെക്കാള്‍ പിറകിലാണ്. ഉദാഹരണമായി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍. മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കാര്യക്ഷമമായി നടക്കുന്നത്. നമ്മുടെ മന്ത്രിമാര്‍ സ്വയംവിമര്‍ശനപരമായി ഇക്കാര്യങ്ങള്‍ പരിശോധിക്കണം -കാനം പറഞ്ഞു.