പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ സോണിയ കോൺഗ്രസിന് മാർഗദർശനം നൽകി രക്ഷാധികാരിയായി പ്രവർത്തിക്കും. സോണിയ രാഷ്ട്രീയത്തിൽനിന്നുതന്നെ വിരമിക്കുന്നുവെന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു. സോണിയയുടെ വിവേകവും പ്രതിബദ്ധതയും അനുഗ്രഹവും പാർട്ടി തുടർന്നും ആവശ്യപ്പെടുന്നുണ്ടെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വിശദീകരിച്ചത്. രക്ഷാധികാരിയെന്ന പദവി കോൺഗ്രസിൽ നിലവിലില്ല. കോൺഗ്രസ് പാർലമെന്റ്റി പാർട്ടി അധ്യക്ഷയാണ് സോണിയ ഇപ്പോൾ. പാർലമെൻറിൽ പാർട്ടിയുടെ കാര്യപരിപാടി തീരുമാനിക്കുന്ന ഇൗ പദവിയിൽനിന്ന് വിരമിക്കാനുള്ള താൽപര്യം സോണിയ പ്രകടിപ്പിച്ചെങ്കിലും, അന്തിമ തീരുമാനമായിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ സോണിയ മത്സരിക്കില്ല.