കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നഴ്‌സുമാരുടെ പരിഷ്‌കരിച്ച ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം ഉപേക്ഷിച്ചത്. അതേസമയം, ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം തുടരുമെന്ന് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.
നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ ഇന്ന് സര്‍ക്കാരുമായി യു.എന്‍.എ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത്. നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.
ശമ്പള പരിഷ്‌കരണ വിഷയത്തിലെ സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തിയുണ്ടെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) നേതാവ് ജാസ്മിന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വിളിച്ചതായും ശമ്പള പരിഷ്‌ക്കരണം ഉള്‍പടെയുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ജാസ്മിന്‍ ഷാ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം സര്‍ക്കാര്‍ 20,000 രൂപയായി നിശ്ചയിച്ചത്. എന്നാല്‍ ഇത് പല ആശുപത്രിയും നടപ്പാകാതെ വന്നതോടെയാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്‌സുമാരാണ് അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങിയത്.