കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്ക് പിടിയില്‍. കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘമാണ് കൊല്‍ക്കത്തയില്‍ വെച്ച് ഇയാളെ സാഹസികമായി പിടികൂടിയത്. ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്നതില്‍ പ്രമുഖനാണ് ഇയാള്‍. കൊച്ചിയില്‍ എത്തിച്ച ബിഷു ശൈഖിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വന്‍കള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് എത്തിച്ചത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ജിബുവിന് ബിഷുവുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ തന്നെ ഉണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ ജനുവരി 30ന് ട്രെയിനില്‍ സഞ്ചരിക്കവേ ആലപ്പുഴയില്‍ വെച്ചാണ് ജിബു ഡി. മാത്യുവിനെ സിബിഐ സംഘം പിന്തുടര്‍ന്ന് പിടികൂടുന്നത്. ഇയാളുടെ കൈയില്‍ നിന്ന് 45 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമാന്‍ഡന്റായ ജിബുവിന് കള്ളക്കടത്ത് സംഘത്തെ സഹായിച്ചതിന് ലഭിച്ചതാണ് ഈ പണമെന്നാണ് സിബിഐ നിഗമനം.