ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ ഏകോപനം ലക്ഷ്യമിട്ട് മുന്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി അടുത്ത ആഴ്ച വീണ്ടും അത്താഴവിരുന്ന് നടത്തും. ബുധനാഴ്ചയാണ് അത്താഴ വിരുന്ന് നിശ്ചയിച്ചിരിക്കുന്നത്.
സോണിയാ ഗാന്ധിയുടെ ഏഴാം നമ്പര്‍ ജന്‍പഥ് വസതിയില്‍ 13ന് രാത്രിയാണ് അത്താഴവിരുന്ന്. ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപിയും, ഡിഎംകെയും അടക്കം പ്രധാന പാര്‍ട്ടികളെല്ലാം വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ മാര്‍ച്ച് 16,17,18 തീയതികളില്‍ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി കൂടിയായാണ് സോണിയ വിരുന്ന് നടത്തുന്നത്.
കേരളത്തിലെ പ്രധാന ബിജെപി ഇതര പാര്‍ട്ടി നേതാക്കളോടൊപ്പം, യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാത്ത കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിയും ക്ഷണം സ്വീകരിച്ച് വിരുന്നില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റിലും പുറത്തും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പരമാവധി സഹകരണവും സഖ്യവും പരമാവധി നേടുന്നതിന് അഹമ്മദ് പട്ടേല്‍, എ.കെ. ആന്റ്ണി, ഗുലാം നബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വിവിധ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
സോണിയ നേരിട്ട് ബിജെഡി, തൃണമൂല്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തിയിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയാല്‍ രാഹുല്‍ ഗാന്ധിയും വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.