ഹൈദരാബാദ് : ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി ദേശീയ ജനാധിപത്യ സഖ്യം വിടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ, ആന്ധ്രാപ്രദേശിനു ‘പ്രത്യേക പദവി’ വേണമെന്ന ആവശ്യത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ടിഡിപി. തെലുഗുദേശം പാര്‍ട്ടിയുടെ രണ്ടു മന്ത്രിമാരും കേന്ദ്ര മന്ത്രിസഭയിൽനിന്ന് വ്യാഴാഴ്ച രാജിവയ്ക്കും.ബിജെപി സംസ്ഥാന നേതൃത്വം വൈ.എസ്.രാജശേഖര റെഡിയുടെ പുത്രന്‍ ജഗന്‍മോഹനുമായി ചേരാന്‍ ഒരുങ്ങുന്നത് ഉള്‍പ്പടെ തെലുഗുദേശത്തെ പ്രകോപ്പിക്കുന്ന പലതും ഉണ്ട് നിലവില്‍.
എന്‍.ഡി.എ വിടുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ അറിയിച്ചെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. പ്രത്യേക പദവിയെന്ന വാഗ്ദാനം പാലിച്ചില്ലെന്നും നായിഡു കുറ്റപ്പെടുത്തി.കേന്ദ്ര ബജറ്റിൽ ആന്ധ്രാപ്രദേശിനെ അവഗണിച്ചതിലുള്ള പ്രതിഷേധം പാർലമെന്റിൽ ടിഡിപി അംഗങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർച്ചയായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ വൈ.എസ്. ചൗധരി, അശോക് ഗജപതി രാജു എന്നിവരോടു രാജിവയ്ക്കാൻ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്.
‘നാലു വർഷം ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. കേന്ദ്രത്തെ എല്ലാ രീതിയിലും സമ്മതിപ്പിക്കാൻ ശ്രമിച്ചു. ബജറ്റ് ദിവസം മുതൽ ഞങ്ങൾ വിഷയം ഉന്നയിക്കാൻ തുടങ്ങിയതാണ്. എന്നാൽ അവർ പ്രതികരിച്ചില്ല. ഇതു ഞങ്ങളുടെ അവകാശമാണ്. കേന്ദ്രം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. കേന്ദ്രത്തോടു നന്ദിയുള്ളതിനാലും ഉത്തരവാദിത്തപ്പെട്ട മുതിർന്ന രാഷ്ട്രീയക്കാരനായതിനാലും ഞങ്ങളുടെ തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തെ ലഭിച്ചില്ല. ജനതാൽപ്പര്യം മുൻനിർത്തിയാണ് തീരുമാനം’ – ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.എൻഡിഎ സഖ്യം ഉപേക്ഷിക്കുന്ന കാര്യത്തിൽ ഒന്നോ രണ്ടോ ദിവസത്തിനകം നായിഡു തീരുമാനമെടുക്കുമെന്നു ടിഡിപി എംപി ശിവപ്രസാദ് പറഞ്ഞു.
തെലുങ്കുദേശത്തിന്റെ 16 എംപിമാരും രാജി വയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയുമായി ബിജെപി നേരത്തെ ചര്‍ച്ച നടത്തിയതും തെലുങ്കുദേശം നേതാക്കളെ പ്രകോപിപ്പിച്ചു. ആന്ധ്രയ്ക്കു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടുള്ള ടിഡിപിയുടെ പ്രതിഷേധത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ചേർന്നപ്പോൾ വൈഎസ്ആർ കോൺഗ്രസ് വിട്ടുനിന്നു. 2019ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉറപ്പുനൽകിയിട്ടുണ്ട്.
2016ലാണു ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കാമെന്നു കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ, ഇതുവരെ ഈ വകുപ്പിൽ ഫണ്ട് ലഭിച്ചില്ലെന്നാണു ടിഡിപി പറയുന്നത്. എന്നാൽ 12,500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. അതേസമയം, ടിഡിപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രാപ്രദേശ് ഘടകം കേന്ദ്ര നേതൃത്വത്തോടു നിർദേശിച്ചു. ശിവസേനയ്ക്കു പിന്നാലെ ടിഡിപിയും സഖ്യം വിടുന്നത് എൻഡിഎയ്ക്കു ക്ഷീണമാണ്.