റയലിന് 2017 കിരീട വർഷമാണ്. സിദാൻ പരിശീലകൻ പരിശീലകനായി ചുമതലയേറ്റ ശേഷം ഈ വർഷം അഞ്ചാമത്തെ ട്രോഫിയുമായാണ് അബുദാബിയിൽനിന്നും സാന്റിയാഗോ ബെർണബൂവിലേയ്ക്ക് വണ്ടി കയറുന്നത്; അതും ലോക ക്ലബ് ലോകകപ്പ് കിരീടവുമായി. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ബ്രസീലിയൻ ചാമ്പ്യന്മാരായ ഗ്രീമിയോടെ തകർത്തുവിട്ടാണ് സ്പാനിഷ് വമ്പന്മാർ കിരീടം ചൂടിയത്. ക്ലബ് ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമുമാണ് റയൽമാഡ്രിഡ്.
മുതിർന്ന താരങ്ങളുമായാണ് ഗ്രീമിയോയെ നേരിടാൻ സിദാൻ റയലിനെ ഇറക്കിയത്. തുടക്കം മുതലേ റൊണാൾഡോയും ഇസ്‌കോയും ബെൻസീമയും നിരന്തരം ഗ്രീമിയോ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും പ്രതിരോധത്തിൽ ഊന്നി കളിച്ച ഗ്രീമിയോ കീഴ്‌പ്പെടുത്താൻ റയൽ നന്നായി ബുദ്ധിമുട്ടി. ആദ്യ പകുതിയിൽ റയൽ ഗോൾ നേടുന്നത് തടയുകയായിരുന്നു ഗ്രീമിയോയുടെ പ്രതിരോധ ഫുട്‌ബോളിന്റെ ലക്ഷ്യം.
രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഫ്രീ കിക്ക് ഗോൾ പിറന്നത്. 2014 ന് ശേഷം റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ ക്ലബ് വേൾഡ് കപ്പ് ആണ്. ആദ്യമായിട്ടാണ് റയൽമാഡ്രിഡ് ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്. ഇതോടെ മൂന്ന് തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയ ബാഴ്സലോണക്കൊപ്പമെത്താനും റയലിനായി.
അവസാന 45 മിനിറ്റിൽ കടുത്ത മത്സരം പുറത്തെടുത്ത റയൽ പക്ഷേ, മോഡ്രിച്ചും ബെയ്ലും അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ശനിയാഴ്ച ബാഴ്സലോണയുമായി നടക്കുന്ന എൽ ക്ലാസിക്കോയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.