ആലപ്പുഴ : മുന്‍ എം.എല്‍.എ എം മുരളി മത്സരിക്കാനില്ലായെന്ന് വ്യക്തമാക്കിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിർന്ന അഭിഭാഷകനുമായ ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ ധാരണയായി. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ ഇന്ന് വൈകീട്ട് മൂന്നിന് മുളക്കുഴ സി.സി പ്ലാസ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികപ്രഖ്യാപനം നടക്കുമെന്നാണ് സൂചന.
ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറും അഖില ഭാരത അയ്യപ്പ സേവസംഘം ദേശീയ ഉപാധ്യക്ഷനുമായ വിജയകുമാറിന്റെ പേര് വിജയസാധ്യതയുടെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി നേതൃത്വം പരിഗണിച്ചത്.ചെങ്ങന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കേണ്ടത് എ വിഭാഗത്തിൽപെട്ട ആളാണ്. എന്നാൽ, കെ. കരുണാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ഡി. വിജയകുമാർ. 1986ൽ വിജയകുമാറിനെയാണ് മാവേലിക്കര നിയമസഭ സീറ്റിലേക്ക് കരുണാകരൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, പിണങ്ങി നിന്ന എൻ.ഡി.പിയുമായി മാവേലിക്കരയടക്കമുള്ള സീറ്റുകൾ കൈമാറിയപ്പോഴാണ് വിജയകുമാറിന് ഒഴിവാക്കേണ്ടിവന്നത്. പിന്നീട് 1991ൽ ശോഭന ജോർജിനായി മാറേണ്ടി വന്നു.
ഇക്കുറി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന പ്രഖ്യാപനവുമായി പി.സി. വിഷ്ണുനാഥ് പിന്മാറിയതോടെ എം. മുരളി, ഡി.വിജയകുമാര്‍, ഡി. വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെട്ടു. മാവേലിക്കര മുൻ എം.എൽ.എയും യു.ഡി.എഫ് ജില്ല ചെയർമാനുമായ എം. മുരളി മത്സരിക്കുമെന്ന് ശക്തമായ പ്രചാരണം ഉണ്ടായിരുന്നു. പ്രദേശത്തെ കോൺഗ്രസ് ഭാരവാഹികളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രവർത്തകരുടെ അഭിപ്രായങ്ങൾ പരസ്യമായും രഹസ്യമായും തേടാൻ തുടങ്ങിയതോടെയാണ് വിജയകുമാറിന്റെ സാധ്യതയിലേക്ക് ചർച്ച സജീവമായത്. ജയസാധ്യതയാണ് ചെങ്ങന്നൂരിൽ പ്രധാനമെന്ന എല്ലാവരുടെയും ഏകകണ്ഠ തീരുമാനമാണ് നേതാക്കൾ സ്വീകരിച്ചത്. ഇതിനിടെ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്ന എം. മുരളി മത്സരിക്കാൻ താൽപര്യമില്ലന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. വിശദ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ വിജയകുമാറിന്റെ പേരിന് പിന്തുണ കൂടിയത്രെ.