ന്യൂഡൽഹി: ഇന്ത്യയിൽ ചൂതാട്ടവും വാതുവയ്പും നിയമവിധേയമാക്കണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിയമ കമ്മിഷൻ തയ്യാറാക്കി. ശക്തമായ നിയമങ്ങളിലൂടെ വാതുപയ്പും ചൂതാട്ടവും നിയമവിധേയമാക്കുന്നതിലൂടെ കള്ളപ്പണം തടയാൻ കഴിയുമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അതുവഴി സർക്കാരിന് വരുമാനം ഉണ്ടാക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ജസ്റ്റിസ് ബി.എസ്. ചൗഹാൻ അദ്ധ്യക്ഷനായ സമിതിയുടേതാണ് റിപ്പോർട്ട്.
വാതുവയ്പ് പൂർണമായും തടയുക. അല്ലെങ്കിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക മാത്രമാണ് ഏക വഴിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം ഓൺലൈൻ ചൂതാട്ടങ്ങളും നിയന്ത്രിക്കണം. 2016ൽ ഇതേക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച നിയമ കമ്മിഷന്റേതാണ് റിപ്പോർട്ട്.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ യുവാക്കൾ പ്രലോഭിക്കപ്പെടാതിരിക്കാൻ വാതുവയ്പ്, ചൂതാട്ടം എന്നിവ വ്യക്തിയുടേയോ ഓപ്പറേറ്റർമാരുടേയോ ആധാർ, പാൻ കാർഡുമായോ ബന്ധിപ്പിക്കാമെന്നും കമ്മിഷൻ വ്യക്തമാക്കി.
പ്രതിവർഷം 13,000 കോടി രൂപയാണ് രാജ്യത്ത് വാതുവയ്പും ചൂതാട്ടവും നടത്തുന്നതിലൂടെ മറിയുന്നത്. ഈ തുക പലപ്പോഴും തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമായാണ് ചെലവിടുന്നത്. കമ്മിഷൻ ചൂണ്ടിക്കാട്ടി.