ചെങ്ങന്നൂരിൽ യുഡിഎഫിനോ എൽഡിഎഫിനോ പ്രകടമായ പിന്തുണ നൽകാതെയുള്ള തന്ത്രപരമായ നിലപാടു രണ്ടു തിരഞ്ഞെടുപ്പിലും മാണി സ്വീകരിക്കാനാണു സാധ്യത. എന്നാൽ, രണ്ടു മുന്നണികളിലുമില്ലാതെ നിൽക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു വാദിക്കുന്നവരും പാർട്ടിയിലുണ്ട്. ചെങ്ങന്നൂരിൽ ‘മനസ്സാക്ഷി വോട്ട്’ പ്രഖ്യാപിക്കാനാണു കൂടുതൽ സാധ്യത. ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവർ പരാജയപ്പെടുകയും ചെയ്താൽ അതു ഭാവി സാധ്യതകൾക്കു തടസ്സമാകും. മാത്രമല്ല, ഒരു മുന്നണിയുടെ ഭാഗമാകുന്ന നിലയ്ക്കു രണ്ടുകൂട്ടരുമായും ചർച്ച പുരോഗമിച്ചിട്ടുമില്ല.
മാണി ഗ്രൂപ്പിനു വോട്ടുള്ള മണ്ഡലമാണു ചെങ്ങന്നൂർ എന്നതിനാൽ അവരുടെ പിന്തുണയ്ക്കുള്ള ശ്രമം യുഡിഎഫും എൽഡിഎഫും നടത്തുന്നുണ്ട്. എന്നാൽ ഇനിയും മാണി മനസ്സു തുറന്നിട്ടില്ല. തിരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക വിജ്ഞാപനം ഇനിയും വരാത്തതിനാൽ തീരുമാനം നീട്ടിക്കൊണ്ടുപോയാലും അദ്ഭുതപ്പെടാനില്ല. അതേസമയം ഈ 23ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിന്റെ ആറ് എംഎൽഎമാർ ആർക്കു വോട്ടു ചെയ്യണമെന്ന കാര്യം നാളത്തെ യോഗത്തിൽ തന്നെ തീരുമാനിക്കേണ്ടിവരും. എൽഡിഎഫിന്റെ എം.പി.വീരേന്ദ്രകുമാറും യുഡിഎഫിന്റെ ബി.ബാബുപ്രസാദും മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന്റെ വിജയം സുനിശ്ചിതമാണ്. തങ്ങളുടെ ആറുപേരുടെ വോട്ട് വിജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലാത്തതിനാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാമെന്ന നിർദേശം പരിഗണിച്ചേക്കും.