കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിലെ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയായ ആർഎസ്എസ് പ്രവർത്തകനാണ് ക്വട്ടേഷന് പിന്നിൽ. ഇയാളുടെ നേതൃത്വത്തിൽ പണവും വാഹനവും നൽകി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പിലുണ്ട്.
യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതി എന്ന രഹസ്യവിവരമാണ് ലഭിച്ചതെന്നറിയുന്നു. പദ്ധതി നടപ്പായാൽ, കേരളത്തിലുടനീളം അക്രമവും കലാപവും നടക്കുമെന്നും അതിന്റെ മറവിൽ കേന്ദ്ര ഇടപെടലടക്കമുള്ള അജൻഡ നടപ്പാക്കാനാകുമെന്നുമാണ് കണക്കൂകൂട്ടൽ. ആവശ്യമായ പണവും വാഹനങ്ങളും ക്വട്ടേഷൻ സംഘങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള പുത്തൻകണ്ടം ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയും ചക്കരക്കൽ, കടമ്പൂർ പൂങ്കാവ്, പാലയാട് സാമിക്കുന്നുമ്പ്രം, മേലൂർ പാലം, പൊന്ന്യം നായനാർ റോഡ് പ്രദേശങ്ങളിലെ ക്രിമിനലുകളും സംഘത്തിലുണ്ടെന്നാണ് പൊലീസിനുലഭിച്ച വിവരം.
ആർഎസ്എസ് വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് പി ജയരാജൻ. 1999 സെപ്തംബർ 25ന് തിരുവോണനാൾ വീട്ടിൽ കയറി അദ്ദേഹത്തെ വെട്ടിപ്പിളർന്നിരുന്നു. അസാധാരണ മനഃശക്തിയും വൈദ്യശാസ്ത്രമികവും കൊണ്ടുമാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
സുരക്ഷ കുറഞ്ഞ സ്ഥലങ്ങളിൽവെച്ച് ആക്രമിക്കാൻ സാധ്യതയുണ്ട്. ഏതെങ്കിലും പാർട്ടി ഓഫീസ് അക്രമിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഇതേത്തുടർന്ന് ജയരാജന്റെ സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. ജയരാജൻ സന്ദർശിക്കുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയപാർട്ടികളിലും ഉൾപ്പെട്ട ക്രിമിനൽ സംഘങ്ങളെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇപ്പോഴത്തെ മുന്നറിയിപ്പിന്റെയും അടിസ്ഥാനം.
സംഘപരിവാർ സംഘടനകളിൽനിന്ന് ചോർന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, ഇതേരീതിയിലുള്ള ഭീഷണി മുന്നറിയിപ്പ് നേരത്തേയും രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുണ്ട്. ജയരാജനുനേരേ നിരന്തര ഭീഷണിയുള്ളതിനാൽ രഹസ്യാന്വേഷണവിഭാഗം കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.
പാർട്ടി ഓഫീസ് അക്രമിക്കപ്പെട്ട സ്ഥലങ്ങളിലും മറ്റും പോകുമ്പോൾ ജയരാജന് പോലീസ് സുരക്ഷ കുറവാണെന്നും ഈ ഘട്ടത്തിൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിവരവും പോലീസ് നൽകുന്നുണ്ട്.