കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിനുള്ളിൽ നടന്ന വിളക്കിനെഴുന്നെള്ളിപ്പിനിടെ ഭാരത് വിനോദ് എന്ന ആനയാണ് ഇടഞ്ഞത്. അപ്രതീക്ഷിതമായി ആന പിണങ്ങി പിന്നോട്ട് നടന്നതോടെയാണ് ഭക്തരടക്കം പരിഭ്രാന്തരായത്. ആളുകൾ ബഹളമുണ്ടാക്കിയതോടെ പാപ്പാന്റെ നിയന്ത്രണത്തിൽ നിന്നും ആന ഓടുകയായിരുന്നു. ആനപ്പുറത്ത് മുത്തുക്കുടയുമായി ഇരുന്ന വയോധികനുമായാണ് ആന ഓടിയത്. ഇയാളെ മണിക്കൂറിനു ശേഷം താഴെ ഇറക്കിയതോടെയാണ് പരിഭ്രാന്തിക്ക് ശമനമുണ്ടായത്. ഈസമയം രണ്ടാനയാണ് ഉണ്ടായിരുന്നത്.
ആന പുറത്തേക്ക് ഓടാതിരിക്കുവാനായി ഉടൻതന്നെ ക്ഷേത്രത്തിന്റെ നാലു വാതിലുകളും അടച്ചു. ഇതിനിടെ പാപ്പാന്മാർ ആനയെ തണുപ്പിക്കാനായി വെള്ളം ശരീരത്തേക്ക് ഒഴിച്ചു. ആന ഉടമയായ സ്മിത വിശ്വനാഥ് എത്തി ബിസ്‌കറ്റും മറ്റും നൽകിയതോടെ പത്തരയോടെ ആനയെ അനുനയിപ്പിക്കാനായി. തുടർന്ന് 11ന് ആനയെ തെക്കെ നടയിൽ തളച്ചതോടെയാണ് ആനപ്പുറത്തുനിന്നും ആളെ താഴെയിറക്കാനായത്. സി.ഐ നിർമൽബോസ്, എസ്.ഐ എം.ജെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.