ന്യൂഡല്‍ഹി: ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്ലീനറി സമ്മേളനത്തില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി രംഗത്ത്. പരാജിതന്റെ വാക്കുകളാണ് രാഹുലിന്റേതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
രാഹുലിന്റെ വാക്കുകള്‍ പൊള്ളയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പാണ്ഡവരോട് ഉപമിക്കാനാണ് ശ്രമം. എന്നാല്‍ ഭഗവാന്‍ ശ്രീരാമന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തത് ഇതേ പാര്‍ട്ടി തന്നെയാണ്. ഹിന്ദുക്കളേയും ഹൈന്ദവ ആചാരങ്ങളേയും പരിഹസിക്കുന്നതും കോണ്‍ഗ്രസ് ആണെന്ന് നിര്‍മ്മല കുറ്റപ്പെടുത്തി.
പ്ലീനറി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അധികാര മോഹികളായ കൗരവരെപ്പോലെയാണ് ബി.ജെ.പിയെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. പാണ്ഡവരെപ്പോലെ സത്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു.
ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിനു പുറമെ മുന്‍ യു.പി.എ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കുറ്റസമ്മതവും രാഹുല്‍ നടത്തിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടത്.