തിരുവനന്തപുരം : ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തിനുപിന്നാലെ കെ.എം.മാണിക്ക് എതിരായ നിലപാടു തിരുത്തി ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് വി.മുരളീധരന്‍. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് തന്റെ നിലപാടെന്ന് മുരളീധരന്‍ പറഞ്ഞു. കെ.എം.മാണിയെ കള്ളനും കൊള്ളക്കാരനുമെന്ന് മുരളീധരന്‍ വിശേഷിപ്പിച്ചതിനെതിരെ ബിജെപി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് മുരളീധരന്‍ മലക്കംമറിഞ്ഞത്. മുരളീധരനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസും രംഗത്തെത്തി.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ അടവുകളെല്ലാം പയറ്റി വിജയിക്കാന്‍ പി.എസ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നതിനിടെ അതിനെ വെള്ളത്തിലാക്കി നടത്തിയ പ്രസ്താവനയാണ് വി മുരളീധരന്‍ തിരുത്തിയത് മുരളിയുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന പരാതി ശ്രീധരന്‍പിള്ള പാര്‍ട്ടിക്ക് നല്‍കിയിരുന്നു. .വി മുരളീധരന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ഒറ്റപ്പെട്ടതോടെ പ്രസ്താവന തിരുത്തണമെന്ന കുമ്മനത്തിന്റെ ആവശ്യപ്രകാരമാണ് നിലപാട് മാറ്റം. എല്ലാവരുടെയും വോട്ടുകള്‍ ബി.ജെ.പിക്ക് വേണമെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്.
ആവശ്യം കഴിഞ്ഞശേഷം കലമിട്ട് ഉടക്കുന്ന സമീപമായിരുന്നു മുരളീധരന്‍റേതെന്ന് കോര്‍കമിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചെങ്ങന്നൂരിൽ ബി ജെ പി യുടെ പരാജയം ഉറപ്പുവരുത്താനാണ് മുരളീധരന്റെ ശ്രമമെന്ന് കേരള കോണ്‍ഗ്രസ് തുറന്നടിച്ചു. ബി ജെ പി യിലെ തമ്മിലടിക്ക് കേരളാ കോൺഗ്രസിനെ മുരളി കരുവാക്കേണ്ടന്നും ഡൽഹിയിലെ സതീഷ് നായരുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്താന്‍ മുരളീധരന് കഴിഞ്ഞിട്ടില്ലന്നും റോഷി അഗസ്റ്റിന് എം.എൽഎ പറഞ്ഞു