ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പത്മ അവാർഡുകൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു. സംഗീത സംവിധായകൻ ഇളയരാജ, മഹാരാഷ്ട്രയിലെ ഗായകൻ ഗുലാം മുസ്തഫ ഖാൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ തുടങ്ങിയവർക്കു പത്മവിഭൂഷണും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു പത്മഭൂഷൺ ബഹുമതിയുമാണു സമ്മാനിച്ചത്. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
43 പേർക്കാണു ചൊവ്വാഴ്ച പത്മ അവാർഡുകൾ സമ്മാനിച്ചത്. ബാക്കിയുള്ളവർക്ക് ഏപ്രിൽ രണ്ടിനു നൽകും. സാന്ത്വന ചികിത്സയിലൂടെ പ്രസിദ്ധനായ എം.ആർ.രാജഗോപാൽ, നാട്ടുചികിത്സയുടെ പ്രചാരക ലക്ഷ്മിക്കുട്ടി തുടങ്ങിയവരാണു പത്മശ്രീ ബഹുമതി നേടിയ മലയാളികൾ. മൂന്നുപേർക്കു പത്മവിഭൂഷണും ഒൻപതു പേർക്കു പത്മഭൂഷണും 73 പേർക്കു പത്മശ്രീയുമാണു പ്രഖ്യാപിച്ചത്. 16 വിദേശികളും 14 വനിതകളും ഇതിൽപ്പെടുന്നു.
പത്മഭൂഷണ് അർഹരായ മറ്റുള്ളവർ ഇവരാണ്: ബില്യാഡ്‌സ് ചാംപ്യൻ പങ്കജ് അഡ്വാനി, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി, ഇന്ത്യയിലെ മുൻ റഷ്യൻ അംബാസഡർ അലക്‌സാണ്ടർ കദാകിൻ (മരണാനന്തരം), പ്രമുഖ ആർക്കിയോളജി വിദഗ്ധൻ രാമചന്ദ്രൻ നാഗസ്വാമി, യുഎസ്എയിലെ അധ്യാപകനും ഗ്രന്ഥകർത്താവുമായ വേദപ്രകാശ് നന്ദ, ചിത്രകാരൻ ലക്ഷ്മൺ പൈ, ഹിന്ദുസ്ഥാനി സംഗീജ്ഞൻ അരവിന്ദ് പരീഖ്, ബിഹാറിലെ നാടൻപാട്ടു ഗായിക ശാരദാ സിൻഹ.