രാംഗഡ് : ഝാര്‍ഖണ്ഡില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരക്ഷ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. രാംഗഢ് അതിവേഗ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. രാജ്യത്ത് ഗോരക്ഷാ കൊലപാതകത്തിന്റെ പേരിലുള്ള കേസില്‍ ആദ്യ ശിക്ഷാ വിധിയാണിത്.
പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തി. കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് നിത്യനാഥ് മഹാതോ ഉള്‍പ്പെടെ 11 ഗോരക്ഷഗുണ്ടകള്‍ കുറ്റക്കാരണെന്ന് രാംഗഢ് വിചാരണ കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരായ നിത്യനാഥ് മഹാതോ, വിക്കി സോ, ശിഖേന്ദര്‍ റാം, വിക്രം പ്രസാദ്, രാജു കുമാര്‍, രോഹിത് താക്കുര്‍, കപില്‍ താക്കുര്‍, ഉത്തം കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് രാംഘഡില്‍ വെച്ച് മുപ്പതോളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുമ്പാഴായിരുന്നു ആക്രമം തുടര്‍ന്ന് വാഹനം കത്തിക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷമാണ് അന്ന് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അലിമുദ്ദീന്‍ മരിച്ചിരുന്നു.
നീണ്ട 9മാസത്തെ വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.