കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈകോടതി വിലക്ക്. എക്‌സ്പ്രസ്, സുപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഉയര്‍ന്ന നിരക്കുവാങ്ങുന്ന ബസുകളില്‍ ഇരുന്നു യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകള്‍ക്കാണ് ഉത്തരവ് ബാധകം. മോട്ടോര്‍ വാഹന ചട്ടം കര്‍ശനമായി കെഎസ്ആര്‍ടിസി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണു തീരുമാനം.
ഉയര്‍ന്ന നിരക്കുവാങ്ങുന്ന ബസുകളില്‍ നിന്നു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നായിരുന്നു കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ ആവശ്യം. കൂടാതെ ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹനചട്ടം കൃത്യമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചിരുന്നു.
ഹ്രസ്വദൂര യാത്രക്കാരാണു ബസില്‍നിന്നു യാത്രചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല. ഇപ്പോള്‍ ഉത്തരവ് അനുസരിക്കണം. പിന്നീട് വേണമെങ്കില്‍ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാരിനു ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.