ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന തമിഴ്നാട്ടിലെ ആര്‍.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. 24-നാണ് ഫലപ്രഖ്യാപനം. ചൊവ്വാഴ്ച വൈകീട്ടോടെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണം സമാപിച്ചു. വീറും വാശിയുമേറിയ പ്രചാരണത്തിനാണ് ആര്‍.കെ. നഗര്‍ സാക്ഷ്യംവഹിച്ചത്.
ജയലളിതയ്ക്ക് കഴിഞ്ഞ വട്ടം ജനങ്ങള്‍ വോട്ടു ചെയ്ത രണ്ടില ചിഹ്നം ലഭിച്ച ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാനാര്‍ഥി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കൂടിയായ ഇ. മധുസൂദനനാണ്. എം. മരുതുഗണേഷാണ് ഡി.എം.കെ. സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ. വിമതനേതാവായ ടി.ടി.വി. ദിനകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. ബി.ജെ.പി.ക്കുവേണ്ടി കരുനാഗരാജ് അടക്കം 59 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ്, വി.സി.കെ., സി.പി.എം., സി.പി.ഐ. തുടങ്ങിയ കക്ഷികള്‍ ഡി.എം.കെ.യെ പിന്തുണയ്ക്കുന്നുണ്ട്. വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, എം.ഡി.എം.കെ. നേതാവ് വൈകൊ തുടങ്ങി ഒട്ടേറെ നേതാക്കള്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. ഏപ്രില്‍ 12-ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന വ്യാപക പരാതികളെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.