ന്യൂഡൽഹി: എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കുന്നു. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി. തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയാണെങ്കിലും അധികകാലം ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഓഹരിവിറ്റഴിച്ച് നിയന്ത്രണാവകാശവും കൈയൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 20162017 ലെ കണക്കുകൾ അനുസരിച്ച് എയർ ഇന്ത്യ 48,876 കോടി രൂപ കടത്തിലാണ്. അടുത്തവർഷം കടത്തിൽ 3500 കോടിയുടെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ നിന്ന് നഷ്ടമാകുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഓഹരി വിൽക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ കൈക്കൊണ്ടത്.