സോള്‍: അധികാരം ദുര്‍വിനിയോഗം ചെയ്ത ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈക്കിന് 24 വര്‍ഷം തടവ്. 17 മില്യണ്‍ ഡോളര്‍ പിഴയടക്കാനും കോടതി വിധിച്ചു. 10 മാസം നീണ്ട വിചാരണക്കൊടുവിലാണ് പാര്‍ക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അധികാര ദുര്‍വിനിയോഗം, കോഴവാങ്ങിയത് അടക്കം 18 കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്.
ആരോപണങ്ങള്‍ നിഷേധിച്ചതിനൊപ്പം വിധി കേള്‍ക്കാനായി അവര്‍ കോടതിയിലെത്തിയതുമില്ല. കേസിന് ജനശ്രദ്ധ ലഭിക്കുന്നതിനായി പാര്‍കിനെതിരായ കോടതി നടപടികള്‍ അധികൃതര്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. പാര്‍കിനെ 2017 മാര്‍ച്ചിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കിയത്.
വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താക്കി. പാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം രാജ്യത്ത് അലയടിച്ചിരുന്നു. ഉറ്റതോഴി ചോയി സൂണ്‍ സില്ലിന്റെ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം.
സാംസങ്, ലോട്ടെ, എസ്.കെ എന്നീ കുത്തക കമ്ബനികളില്‍നിന്ന് 5.2 കോടി ഡോളര്‍ കൈക്കൂലി സ്വീകരിക്കാന്‍ സിലിന് പാര്‍ക് കൂട്ടുനിന്നു എന്നാണ് കേസ്. ആരോപങ്ങളെ തുടര്‍ന്ന് പാര്‍ക് രാജി വെച്ചു. രാജിവെച്ചയുടന്‍ അറസ്റ്റിലായ പാര്‍ക് അന്നുമുതല്‍ ജയിലിലായിരുന്നു. അഴിമതിയാരോപണങ്ങളെ തുടര്‍ന്നാണ് പാര്‍ക്കിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് 24 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്.