സോഷ്യൽ മീഡിയയിൽ ഇടത് അനുഭാവം പുലർത്തുന്നവരെല്ലാം ഒരൽപം ആശ്ചര്യത്തിലാണ്. കോൺഗ്രസ് നേതാവും തെന്നിന്ത്യൻ സൂപ്പർതാരവുമായ ചിരഞ്ജീവിയുടെ ഇളയ സഹോദരൻ പവൻ കല്യാൺ ചുവന്ന തോർത്തുംകെട്ടി ചെങ്കൊടിക്കാർക്കൊപ്പം മാർച്ച് ചെയ്യുന്ന ചിത്രങ്ങൾ വ്യാപകമായതാണ് ഇടത് അനുഭാവികളുടെ കൗതുകത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ടിഡിപിക്കും വേണ്ടി ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ജനലക്ഷങ്ങളെ ആകർഷിച്ച യോഗങ്ങൾ സംഘടിപ്പിച്ച പവൻ കല്യാൺ ഇടതുപക്ഷത്ത് എത്തി എന്ന് ഉറപ്പിച്ച് പലരും രംഗത്ത് വരികയും ചെയ്തു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ഇടതു പ്രക്ഷോഭത്തിൽ പവൻ കല്യാണിന്റെ ജനസേനാ പാർട്ടി പങ്കാളികളായതാണ് തെലുങ്ക് സൂപ്പർ സ്റ്റാറിനൊപ്പം ചെങ്കൊടികൾ വരാനുള്ള കാരണം. ആന്ധ്രാപ്രദേശിൽ വ്യാപകമായി സിപിഎം – സിപിഐ പ്രവർത്തകർക്കൊപ്പം പദയാത്രകൾ സംഘടിപ്പിക്കുകയാണ് പവൻ കല്യാൺ. സിപിഎം സംസ്ഥാന സെക്രട്ടറി പി. മധുവും സിപിഐ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണനും അടക്കമുള്ള നേതൃനിരക്കൊപ്പമാണ് ആന്ധ്രയെ ഇളക്കി മറിച്ചുകൊണ്ടുള്ള പവൻ കല്യാണിന്റെ മാർച്ച്.
ജനസേനാ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് പവൻ കല്യാൺ. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് ജനസേന. പവൻ കല്യാണിന്റെ ജനപിന്തുണ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായതാണ്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തിയ നരേന്ദ്ര മോദിയോട് ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉയർത്തിയ ശേഷമാണ് പവൻ കല്യാൺ എൻഡിഎക്കു വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങിയത്. പിന്നീട് ബിജെപിയുടെ വാഗ്ദാന ലംഘനത്തിൽ മനം മടുത്ത പവൻ കല്യാൺ സ്വന്തം പാർട്ടി പ്രഖ്യാപിച്ച് പോരാട്ടം തുടരുകയായിരുന്നു. ഇടതു പാർട്ടികൾക്കൊപ്പം ചേർന്ന് ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാമെന്നാണ് പവൻ കല്യാൺ കണക്ക് കൂട്ടുന്നത്. സിപിഐക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതമാണ്. കോൺഗ്രസ് കൂടി ചേരുന്ന ഒരു മുന്നണിയാണ് സിപിഐ ആന്ധ്രയിൽ ലക്ഷ്യമിടുന്നതെങ്കിൽ കോൺഗ്രസില്ലാത്ത സഖ്യമാണ് സിപിഎമ്മിന്റെ മനസിൽ.