കൊച്ചി: ഹർത്താൽ ദിനത്തിൽ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞ് പിതാവിനെ ക്രൂരമായി മർദ്ദിച്ചു. പോലീസ് കസ്റ്റഡിയിലെ ശ്രീജിത്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ തുടരുന്ന ബിജെപി ഹർത്താലിലായിരുന്നു സംഭവം. പോലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു ബിജെപിക്കാർ യുവാവിനെ മർദ്ദിച്ചത്. പരീക്ഷയ്ക്ക് പോകുകയാണ് എന്ന് കരഞ്ഞു പറഞ്ഞിട്ടും പെണ്‍കുട്ടികള്‍ അടക്കമുള്ള ഇരുചക്ര വാഹന യാത്രികരെയും ബിജെപിക്കാര്‍ തടഞ്ഞു.
കടുത്ത പനിയെ തുടർന്ന് പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച യുവാവിന്റെ വാഹനം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ഹർത്താലിൽ കടുത്ത സംഘർഷമാണ് മേഖലയിൽ തുടരുന്നത്. കടകൾ നിർബന്ധിച്ച് അടപ്പിച്ച ബിജെപി പ്രവർത്തകർ വഴിയാത്രക്കാർക്ക് നേരെ മർദനവും അഴിച്ചുവിട്ടു.
നേരത്തെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. കൊലക്കുറ്റം ചുമത്തണമെന്നും മനുഷ്യാവകാശകമ്മിഷൻ ആവശ്യപ്പെട്ടു. പോലീസിന്റേത് ഗുരുതരവീഴ്ചയാണ്. ശ്രീജിത്തിന് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടർച്ചയായി തെറ്റുചെയ്യുന്ന പൊലീസുകാരെ സർവീസിൽ പിരിച്ചുവിടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.