ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഒരു വിക്കറ്റ് വിജയം. അവസാന പന്തിൽ ജയിക്കാൻ ആവശ്യമായിരുന്ന ഒരു റണ്‍സ് നേടി ബില്ലി സ്റ്റാൻലേക്കാണ് ഹൈദരാബാദിനു വിജയം സമ്മാനിച്ചത്. രണ്ടു മത്സരങ്ങളില്‍ രണ്ടു ജയവുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈ സീസണിലെ രണ്ടു മത്സരങ്ങളിലും തോറ്റു.
മുംബൈ ഉയർത്തിയ 148 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി ശിഖർ ധവാൻ 28 പന്തിൽ 45 റണ്‍സ് നേടി ടോപ് സ്കോററായി. ദീപക് ഹൂഡ 32 റണ്‍സുമായി പുറത്താകാതെനിന്നു. അവസാന ഓവറിൽ ജയിക്കാൻ 11 റണ്‍സ് ആവശ്യമാണെന്നിരിക്കെ ആദ്യ പന്ത് ഹൂഡ സിക്സറിനു പറത്തിയതാണ് മത്സരം സണ്‍റൈസേഴ്സിന് അനുകൂലമാക്കിയത്. ഓപ്പണർ വൃദ്ധിമാൻ സാഹ 22 റണ്‍സ് നേടി. മുംബൈക്കായി മായങ്ക് മർക്കണ്ഡെ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സ് എടുത്തു. 17 പന്തിൽ 29 റണ്‍സ് എടുത്ത എവിൻ ലെവിസ് ആണ് മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ്(28), കീറോണ്‍ പൊള്ളാർഡ്(28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഹൈദരാബാദിനായി സന്ദീപ് ശർമ, ബില്ലി സ്റ്റാങ്ക്ളെ, സിദ്ധാർഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.