കൊച്ചി: കത്വയിൽ എട്ടു വയസുകാരി ആസിഫ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ഇന്ത്യാക്കാരൻ ആയിപ്പോയതിൽ തനിക്ക് അറപ്പ് തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ പ്രതികരണം ചോദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്താണ് ഈ വിഷയത്തിൽ പറയേണ്ടതെന്ന് തനിക്കറിയില്ല. ആ കുട്ടിയുടെ അച്ഛനെപ്പോലെ എന്നും എന്റെ മകളെ കണ്ടുകൊണ്ടാണ് ഞാനുണരുന്നത്. ശരിക്കും ഈ സ്ഥിതിയിൽ ഞാൻ ഭയപ്പെടുന്നു. എന്റെ മകളെയോർത്തും ഭാര്യയെയോർത്തും ഉറങ്ങാൻ കഴിയുന്നില്ല. ഒരച്ഛനെന്ന നിലയിൽ ആ എട്ടുവയസ്സുകാരിയുടെ അച്ഛന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. ഒരു ഭർത്താവെന്ന നിലയിൽ ആ ഭാര്യയുടെ അവസ്ഥയും അനുഭവിക്കാൻ കഴിയുന്നുണ്ട്. ആരെപ്പറ്റിയാണ് പറയേണ്ടത്. ആർക്കെതിരെയാണ് നിലപാടെടുക്കേണ്ടത് എന്നൊന്നും മനസ്സിലാകുന്നില്ല. ഒരു ഇന്ത്യാക്കാരനെന്ന് നിലയിൽ ഇപ്പോൾ സ്ഥിരമായി അനുഭവിച്ചുവരുന്ന നാണക്കേടാണ് തനിക്ക് തോന്നുന്നതെന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
കഴിഞ്ഞ ജനുവരി 10ന് കാണാതായ എട്ടുവയസുകാരി ആസിഫയെ ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ഏഴു ദിവസങ്ങൾക്ക് ശേഷമാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.