ഗോൾഡ് കോസ്റ്റ് : കോമൺവെൽത്ത് ഗെയിംസിൽ സുവർണനേട്ടത്തിൽ ഇന്ത്യയ്ക്ക് കാൽസെഞ്ചുറി. ഗെയിംസിന്റെ പത്താം ദിനമായ ഇന്നുമാത്രം എട്ടു സ്വർണം സ്വന്തമാക്കിയാണ് ഇന്ത്യയുടെ സുവർണക്കുതിപ്പ്. പുരുഷവിഭാഗം 75 കിലോഗ്രാം ബോക്സിങ്ങിൽ വികാസ് കൃഷ്ണനാണ് ഇന്ത്യയുടെ സ്വർണനേട്ടം 25ൽ എത്തിച്ചത്.
ഇതോടെ, 25 സ്വർണവും 14 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 57 ആയി ഉയർന്നു. പത്താം ദിനമായ ഇന്നു മാത്രം എട്ടു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 16 മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ബോക്സിങ്ങിൽനിന്നു മാത്രം ഇന്ത്യ ഇന്ന് മൂന്നു സ്വർണം സ്വന്തമാക്കി. 72 സ്വർണവും 55 വെള്ളിയും 57 വെങ്കലവും ഉൾപ്പെടെ 184 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 40 സ്വർണവും 38 വെള്ളിയും 40 വെങ്കലവും ഉൾപ്പെടെ 118 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.