വരാപ്പുഴ : ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് മൊഴികളിലെ വൈരുധ്യവും പോലീസിന്റെ അവകാശവാദങ്ങളും അന്വേഷണത്തെ സങ്കീര്‍ണമാക്കുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ടൈഗര്‍ ഫോഴ്സ് മിനിട്ടുകള്‍ക്ക് അകം തന്നെ ലോക്കല്‍ പോലീസിനു കൈമാറിയെന്ന സഹോദരന്റെ മൊഴി വരാപ്പുഴ പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഇത് പൂര്‍ണമായും നിഷേധിച്ചു കൊണ്ടാണ് ലോക്കല്‍ പോലീസിന്‍റെ നിലപാട്.
വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രില്‍ ആറിന് രാത്രി 10.30-ഓടെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സജിത്ത് പറഞ്ഞത്. മഫ്ടിയിലെത്തിയവരാണ് കൊണ്ടുപോയതെന്നും മിനിറ്റുകള്‍ക്കകം ഇരുവരെയും ലോക്കല്‍ പോലീസിന് കൈമാറിയെന്നും സജിത്ത് പറയുന്നു.
ഇത് ലോക്കല്‍ പോലീസ് പാടേ നിഷേധിക്കുകയാണ്. മഫ്ടിയിലെത്തിയ ടൈഗര്‍ ഫോഴ്‌സിന്റെ കാറിലാണ് പ്രതികളെ കൊണ്ടുപോയതെന്നും അതില്‍ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും ഒരു എ.എസ്.ഐ.യും സാക്ഷിയാണെന്നും ലോക്കല്‍ പോലീസ് പറയുന്നു.
മറ്റു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തതും ടൈഗര്‍ഫോഴ്‌സാണ്. കേസിലെ 10 പ്രതികളില്‍ എട്ടുപേരെയും ഏപ്രില്‍ ആറിന് വൈകീട്ട് ആറുമണിക്കും 11 മണിക്കും ഇടയിലാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുപോയതിനു പിന്നാലെ നാട്ടുകാരില്‍ ചിലര്‍ സ്റ്റേഷനിലെത്തിയിരുന്നു. മര്‍ദനമുണ്ടായിട്ടുണ്ടെങ്കില്‍ അവിടെയെത്തിയവര്‍ക്ക് അറിയാനാകുമെന്നും പോലീസ് വാദിക്കുന്നു.
ലോക്കപ്പില്‍ ക്യാമറയില്ല. അതുകൊണ്ടുതന്നെ ഇത് തെളിയിക്കാനാകില്ല. കസ്റ്റഡി മര്‍ദനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്ന പോലീസുകാരുടേതാണെന്ന് തെളിവുസഹിതം അന്വേഷണ കമ്മിഷനുമുന്‍പാകെ പറയാനാണ് നീക്കം. ഇതിനായി ശ്രീജിത്തിന്റെ ബന്ധുക്കളുടെ മൊഴികളും ലോക്കല്‍ പോലീസിന് സഹായകമാകും. ശ്രീജിത്തിനെ കൊണ്ടുപോകുന്നതില്‍ ദൃക്‌സാക്ഷിയായ അമ്മയെയും മകനെയും അന്വേഷണസംഘത്തിനു മുമ്പാകെയെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
അതേസമയം, കൈലിമുണ്ടും റബ്ബര്‍ചെരിപ്പുമിട്ട് മഫ്ടിയിലെത്തിയ പോലീസുകാര്‍ ബൂട്ടിന് ചവിട്ടിയാലെന്നതു പോലെയുള്ള പരിക്കുണ്ടാകുന്നതെങ്ങനെയെന്ന് ചോദ്യമുയരുന്നുണ്ട്. മുനമ്പം എസ്.ഐ.യില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത വാഹനം ഇപ്പോഴും പോലീസ് ക്ലബ്ബില്‍ കിടക്കുകയാണ്. തിരിച്ചുനല്‍കിയിട്ടില്ല. ശ്രീജിത്തിനെ ഈ വാഹനത്തിലാണ് കൊണ്ടുപോയതെന്ന റൂറല്‍ ടൈഗര്‍ സ്‌ക്വാഡിലുള്ള പോലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.