ജയ്പുര്‍: ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ തഞ്ഞു വച്ചു. രണ്ടുമണിക്കൂറുകളോളമാണ് തടഞ്ഞത്. ഏപ്രില്‍ 15 മുതല്‍ 30 വരെ ജയ്പൂരില്‍ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് നാഗോറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴിയാണ് എം.എല്‍.എയെ പോലീസ് തടഞ്ഞത്.
എന്നാല്‍ ക്രമസമാധാന നില തകരുമെന്ന ആശങ്കയെ തുടര്‍ന്നാണിതെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ തന്റെ മൗലികാവകാശങ്ങള്‍ തടയപ്പെട്ടുവെന്ന് ജിഗ്‌നേഷ് മേവാനി കുറ്റപ്പെടുത്തി. വസുന്ദരാ രാജേ ഭരണത്തില്‍ ജനപ്രതിനിധിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെയും ദളിത് വിഭാഗക്കാരുടെയും കാര്യം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജിഗ്‌നേഷ് മേവാനി പങ്കെടുക്കുന്ന ചടങ്ങിന് പോലീസ് അനുമതി നല് കിയിരുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. യാതൊരു പ്രശ്നവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുകയാണെന്നും അവര്‍ ആരോപിച്ചു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് അദ്ദേഹത്തെ വിട്ടയച്ചത്.