കൊച്ചി : ക്രിസ്തു ശിഷ്യനായ തോമസ് ഇന്ത്യയില്‍ വന്നിരുന്നു എന്നതിന് തെളിവില്ല എന്ന് എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ഗുരുക്കള്‍. തോമാശ്ലീഹായേക്കുറിച്ചുള്ള തര്‍ക്കം സഭയില്‍ മുറുകുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചത്. ആ കാലഘട്ടം ക്രിത്യന്‍ സഭ വിവരിക്കുന്നതുപോലെ ആയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
“15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ ഒപ്പമെത്തിയ ജെസ്യൂട്ട് മിഷണറിമാരാണ് ഇന്നുകാണുന്ന തോമസ് പാരമ്പര്യത്തിന്റെ ഉപജ്ഞതാക്കള്‍. അന്ന് ഒരു ജാതി പോലെ നിലനിന്നിരുന്ന നസ്രാണികള്‍ എന്ന് വിളിക്കപ്പെടുന്നവരെ ജെസ്യൂട്ട് പാതിരിമാര്‍ സ്വന്തം വഴിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഒരു ക്രിസ്തു ശിഷ്യന്റെ പാരമ്പര്യം ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും അത് തോമസിലേക്ക് കൊണ്ടെത്തിക്കുകയുമായിരുന്നു”, രാജന്‍ഗുരുക്കള്‍ പറഞ്ഞു.
“അക്കാലത്ത് തോമസ് ഉള്‍പ്പെടെ ആര് വരുന്നതിനും തടസമില്ല. എന്നാല്‍ തെളിവുകളില്ല. അക്കാലത്ത് ലോകത്ത് ഒരിടത്തും ക്രിസ്ത്യന്‍ പള്ളികളില്ല. കുരിശ് അന്ന് ക്രിസ്തുമതത്തിന്റെ ഔദ്യോഗിക ചിഹ്നം ആയിട്ടില്ല. ഏഴരപ്പള്ളികളാകില്ല, ഏഴറപ്പള്ളികളാകും സഭ പറയുന്ന കഥയില്‍ സൂചിപ്പിച്ചിരിക്കുക. അന്ന് മരം കൊണ്ടുള്ള അറകള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചിരുന്നു”, രാജന്‍ഗുരുക്കള്‍ പറഞ്ഞു.
അക്കാലത്ത് നമ്പൂതിരിമാരെ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു എന്നതും തെറ്റാണ്. അന്ന് നമ്പൂതിരികള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ഉള്ളവര്‍ പ്രബലരുമല്ല. 15-ാം നൂറ്റാണ്ടിലാണ് ഈ കഥയുടേയും നിര്‍മിതി. അക്കാലത്തിനും മുമ്പേ നമ്പൂതിരിമാര്‍ സമൂഹത്തില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നുവെന്നും രാജന്‍ഗുരുക്കള്‍ കൂട്ടിച്ചേര്‍ത്തു.