ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധമടക്കമുള്ള വിഷയങ്ങളില്‍ താന്‍ പലതവണ ആവര്‍ത്തിച്ച നിലപാട് വീണ്ടുമാവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റി അംഗീകരിച്ച രേഖയില്‍ ഭേദഗതി കൂടിയേ തീരൂ എന്ന് തീര്‍ത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സിപിഎം 22 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗം അവസാനിപ്പിച്ചത്. ഇപ്പോള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും എന്നത് വ്യക്തമായി പറയാനും അദ്ദേഹത്തിനായി. പ്രതിനിധിതല ചര്‍ച്ചകളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. വോട്ടെടുപ്പെങ്കില്‍ അങ്ങനെ എന്ന നിലപാടിലാണ് സിപിഎം ദേശീയ സെക്രട്ടറി.
വര്‍ഗീയ ധ്രുവീകരണത്തിനായി സംഘപരിവാര്‍ ബലാല്‍സംഗം ആയുധമാക്കുന്നു. ഇത് അത്യന്തം നിന്ദ്യമായ പ്രവര്‍ത്തിയാണ്. മറ്റൊരുകാലത്തും ഇത്ര വര്‍ഗ്ഗീയ ധ്രുവീകരണം രാജ്യത്ത് ഉണ്ടായിട്ടില്ല. സമൂഹത്തിലുള്ള ഐക്യം നശിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമം. ഭരണഘടനാ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്തേണ്ടതായ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ആക്രമിച്ച് ജനാധിപത്യ വിരുദ്ധമായവ അടിച്ചേല്‍പ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ഇന്ത്യ മാറി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പശുവിനെ സംരക്ഷിക്കാന്‍ എന്നപേരില്‍ മുസ് ലിങ്ങളേയും ദലിതരേയും മര്‍ദ്ദിച്ച് കൊല്ലുന്നു. ഏത് വസ്ത്രം ധരിക്കണമെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ആരുമായി സൗഹൃദം സ്ഥാപിക്കണമെന്നും ആര്‍എസ്എസ് കല്‍പിക്കുകയും വഴങ്ങാത്തവരെ നിശബ്ദരാക്കുകയും ചെയ്യുന്നു. ഇതുവഴി സമൂഹത്തെത്തന്നെ നിയന്ത്രിക്കാമെന്നാണ് ഇവര്‍ കരുതുന്നത്’,യെച്ചൂരിവ്യക്തമാക്കി.
പ്രസംഗത്തിലുടനീളം ആര്‍എസ്എസിനേയും ബിജെപിയേയും യെച്ചൂരി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസിനേക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹം നടത്തിയില്ല. വര്‍ഗീയതയ്‌ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.