ശ്രീനഗര്‍: കത്വ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മു കാഷ്മീര്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം.
കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെയെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് വ്യക്തമായതായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, കൊല്ലപ്പെടുന്നതിനു മുന്‍പ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായില്ല എന്ന വ്യാജ പ്രചരണം നിഷേധിച്ച് പോലീസ് രംഗത്തെത്തി. ജനുവരി പത്തിനാണ് ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തു നിന്ന് കാണാതായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.