ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. മതിയായ അന്വേഷണം നടത്താതെയാണ് നോട്ടീസ് തള്ളിയതെന്നും കപില്‍ സിബല്‍ ആരോപിച്ചു.ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ അഴിമതിയും പെരുമാറ്റ ദൂഷ്യവും ആരോപിച്ചതെന്നും ഇത് അദ്ദേഹത്തെ കുറ്റവിചാരണ നടത്താന്‍ മതിയായ തെളിവല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. എന്നാല്‍ ഇംപീച്മെന്‍റ് നീക്കം ജസ്റ്റിസ് ലോയയുടെ മരണവുമായോ മറ്റേതെങ്കിലും കേസുമായോ ബന്ധപ്പെട്ടുള്ളതല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു. നീതിന്യായ വ്യവസ്ഥയില്‍ വന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്രതിപക്ഷത്തിന് മറ്റ് മാര്‍ഗങ്ങളില്ലാതായെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.