ലണ്ടൻ : പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച കളിക്കാരനുള്ള പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ അവാർഡ് മുഹമ്മദ് സലായ്ക്ക്. ലിവർപൂളിന്റെ മുന്നേറ്റക്കാരനാണ് സലാ.ഇരുപത്തഞ്ചുകാരനായ സലാ ഇറ്റാലിയൻ ക്ലബ് എ എസ് റോമയിൽനിന്നാണ് ലിവർപൂളിൽ എത്തിയത്.
ഗോളടിക്കുന്നതിലെ മികവാണ് ഈജിപ്തുകാരനായ സലായെ ഈ ബഹുമതിക്ക് അർഹനാക്കിയത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച റെക്കോഡിനൊപ്പമാണ് സലാ ഇപ്പോൾ. 33 കളിയിൽനിന്ന് 31 ഗോൾ ഇതിനകം സലാ നേടി. അലൻ ഷിയറർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂയിസ് സുവാരസ് എന്നിവരാണ് ഈ റെക്കോഡിനൊപ്പമുള്ളത്. ലീഗിൽ കളി ഇനിയും ശേഷിക്കുന്നതിനാൽ സലായ്ക്ക് റെക്കോഡ് തിരുത്താനാകും. ഗോളടിക്കാൻ ഒമ്പത് അവസരങ്ങളും സലാ ഒരുക്കി.
സലായുടെ ഗോളടിമികവിലാണ് ഇത്തവണ ലിവർപൂളിന്റെ മുന്നേറ്റം. അടുത്തതവണ ചാമ്പ്യൻസ് ലീഗിനുള്ള സാധ്യത ലിവർപൂൾ ഏതാണ്ട് ഉറപ്പാക്കി. പട്ടികയിൽ മൂന്നാമതുണ്ട് ലിവർപൂൾ. ഇത്തവണ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് സെമിവരെ എത്തിച്ചതിൽ സലായുടെ ഗോളുകളുണ്ട്. ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയപ്പോൾ രണ്ടുപാദത്തിലും സലാ ഗോൾ നേടി. ആകെ 5‐1നായിരുന്നു ലിവർപൂളിന്റെ ജയം. കെവിൻ ദ ബ്രയ്ൻ, ഹാരി കെയ്ൻ, ലിറോയ് സാനെ, ഡേവിഡ് സിൽവ, ഡേവിഡ് ഡെഗെയ എന്നിവരെ പിന്തള്ളിയാണ് സലാ ഇത്തവണ ബഹുമതിക്ക് അർഹനായത്.
കെവിൻ ഒബ്രയ്നാണ് സലായുടെ തൊട്ടടുത്തെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ ഒബ്രയ്ന് നിർണായക പങ്കുണ്ട്. 15 ഗോളിന് അവസരം ഒരുക്കിയ ഒബ്രയ്ൻ എട്ടു ഗോളടിച്ചു. ലീഗിൽ ഗോളടിക്കാൻ ഏറ്റവും കൂടുതൽ അവസരം ഉണ്ടാക്കിയ കളിക്കാരനും ഒബ്രയ്നാണ്. 2015ലാണ് ഒബ്രയ്ൻ സിറ്റിയിലെത്തുന്നത്. ബൽജിയംകാരനാണ്.
യുവകളിക്കാരനുള്ള ബഹുമതി സിറ്റിയുടെ ലിറോയ് സാനെ നേടി.ഇരുപത്തിരണ്ടുകാരനായ സാനെ ഒമ്പത് ഗോളടിച്ചു. ഗ്വാർഡിയോളയുടെ ആക്രമണാത്മക ശൈലിയിൽ സാനെക്ക് പ്രധാന പങ്കുണ്ട്.