തലശ്ശേരി: പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുടുംബത്തിലെ ശേഷിച്ച അംഗവും കുട്ടികളുടെ മാതാവുമായ സൗമ്യയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എലിവിഷമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. കൊലപാതകമാണോ എന്നും സംശയിക്കുന്നുണ്ട്.
കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മൂന്നു മാസത്തിനിടെ ഛര്‍ദ്ദിച്ച് അവശരായി മരിച്ചത്. നാലുപേരും ഒരേ രീതിയില്‍ മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ അനുമാനിക്കുകയായിരുന്നു. ഒടുവില്‍ എട്ടു ദിവസം മുമ്പ് അവശേഷിക്കുന്ന അംഗമായ സൗമ്യയെയും ഛര്‍ദ്ദിച്ച് അവശയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു നാട്ടുകാര്‍ പരാതികളും സംശയവും ഉന്നയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതില്‍ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തില്‍ എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു ചെറിയ അളവില്‍ പോലും ശരീരത്തില്‍ ചെല്ലുന്നതു ഛര്‍ദ്ദിയും ശ്വാസംമുട്ടലും ഉണ്ടാക്കുമെന്നും രക്തസമ്മര്‍ദ്ദം കുറഞ്ഞ് അപകടാവസ്ഥയിലാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ശരീരത്തില്‍ വിഷാംശം കണ്ടതോടെ മരണങ്ങള്‍ കൊലപാതകമാകുമെന്ന സംശയത്തിലാണു പൊലീസ്. ഇതേത്തുടര്‍ന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാക്കള്‍ക്കു വേണ്ടിയും തിരച്ചില്‍ നടത്തുകയാണ്.