ബെംഗളൂരു : നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത ഭരണം ആര്‍ക്കെന്ന് ജനതാദള്‍ സെക്യുലര്‍ തീരുമാനിക്കും എന്ന് അഭിപ്രായ സര്‍വേകള്‍. പോരു മുറുകിയ കർണാടകയിൽ കോൺഗ്രസ് ഭരണം തുടരുമോ ബിജെപി തിരിച്ചു പിടിക്കുമോ എന്ന ചോദ്യം തള്ളിക്കളഞ്ഞ് തൂക്കുമന്ത്രിസഭ വരുമെന്നാണു കഴിഞ്ഞദിവസം പുറത്തുവന്ന രണ്ട് അഭിപ്രായ സർവേകളിലെ പ്രവചനം. ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവും മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനുമായ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കിങ് മേക്കർ ആകുമെന്നും റിപ്പോർട്ടുണ്ട്.
കോൺഗ്രസിനു തൊട്ടുപിന്നിലായി ബിജെപി എത്തുമെന്നാണു ടൈംസ് നൗ–വിഎംആർ സർവേ പറയുന്നത്. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 91, ബിജെപിക്ക് 89 എന്നിങ്ങനെയാണു സീറ്റുകൾ ലഭിക്കുക– രണ്ടു സീറ്റിന്റെ മാത്രം വ്യത്യാസം. കേവല ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാൻ വേണ്ടത് 113 സീറ്റ്. 40 സീറ്റുകൾ നേടുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ജെഡിഎസ്–ബിഎസ്പി സഖ്യം സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കും.
2013ലെ 40 സീറ്റുകളെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തുമ്പോൾ, 122ൽ നിന്ന് 91 സീറ്റിലേക്കു കോൺഗ്രസ് പിന്നിലേക്കു പോകുമെന്നും ടൈംസ് നൗ സർവേ പറയുന്നു. അതേസമയം, ബിജെപിക്ക് 89–95 സീറ്റു കിട്ടുമെന്നാണ് എബിപി–സിഎസ്‍ഡിഎസ് സർവേ പറയുന്നത്. ഭരണത്തിലുള്ള കോൺഗ്രസിന് 85–91 സീറ്റ്. വോട്ടുവിഹിതത്തിൽ വർധന സ്വന്തമാക്കുമ്പോഴും കോൺഗ്രസ് ബിജെപിക്കു പിന്നിലാകും. എച്ച്.ഡി.കുമാരസ്വാമിയുടെ ജെഡിഎസ് 32–38 സീറ്റു നേടി കിങ് മേക്കർ ആകുമെന്ന് എബിപി സർവേയും പ്രവചിക്കുന്നു.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ ചൂണ്ടിക്കാട്ടുന്നത് കോൺഗ്രസ് സ്ഥാനാർഥിയും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ തന്നെയാണ്. ബിജെപിയുടെ ബി.എസ്.യെഡിയൂരപ്പ രണ്ടാമതും എച്ച്.ഡി.കുമാരസ്വാമി മൂന്നാമതുമാണ്. കോൺഗ്രസ് സർക്കാർ പയറ്റുന്ന ലിംഗായത്ത് കാർഡ് അവരെ കാര്യമായി സഹായിക്കില്ലെന്നു ടൈംസ് നൗ സർവേ അഭിപ്രായപ്പെടുന്നു. അതേസമയം, കർണാടകയിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളോടെ ഭരണം നിലനിർത്തും എന്നായിരുന്നു നേരത്തേ പുറത്തുവന്ന സി-ഫോർ ഏജൻസി സർവേ. കോൺഗ്രസ് സീറ്റ് നില 123ൽനിന്നു 126 ആയി വർധിക്കുമെന്നായിരുന്നു റിപ്പോർട്ട്. ബിജെപിയുടെ അംഗബലം നാൽപതിൽനിന്ന് എഴുപതാകും. കഴിഞ്ഞ തവണ 40 സീറ്റ് ലഭിച്ച ജനതാദൾ (എസ്) 27 സീറ്റിലൊതുങ്ങുമെന്നും പറയുന്നു.