പേടിപ്പെടുത്തുന്ന ആ അന്തരീക്ഷത്തില്‍ അവള്‍ തന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കയാണ്. അവള്‍ എന്താണ് അനങ്ങാത്തത്? ഇമകള്‍ വെട്ടിക്കാത്തത്? സര്‍വ്വധൈര്യവും കേന്ദ്രീകരിച്ചുകൊണ്ട് മാര്‍ക്സിന്‍ അവളുടെ നേര്‍ക്കടുത്തു. അടുത്തു ചെന്നു. അപ്പോഴും അവള്‍ കണ്ണിമയ്‌ക്കാതെ മാര്‍ക്സിന്‍ അല്‍പ്പനിമിഷം നിന്നു. എന്തും വരട്ടെയെന്നു കരുതി കസേരയുടെ കയ്യില്‍ അമര്‍ന്നിരുന്ന അവളുടെ കൈത്തണ്ട ഉയര്‍ത്തി. അത് തണുത്ത് വിറങ്ങലിച്ചിരുന്നു.. കൈ അയച്ചപ്പോള്‍ ഒരു മരണംപോലെ അവ വീണ്ടും അതേ സ്ഥാനത്തു പതിച്ചു. “ഒരു മൃതശരീരം!” (ഫറവോന്റെ മരണമുറി – നോവല്‍)
മോണ്ടിക്രിസ്റ്റൊയുടെ ഹാഫ് എ കൊറോണ എന്ന ചുരുട്ട് വില്‍സ് പോലെയോ ചാര്‍മിനാര്‍ പോലെയോ സിസേഴ്സ് പോലെയോ മലയാളികള്‍ക്ക് പരിചിതമായത് ഡിറ്റക്ടീവ് മാര്‍ക്സിന്റേയും ഡിറ്റക്ടീവ് പുഷ്പരാജിന്റെയും ചുണ്ടുകളില്‍ അത് എരിഞ്ഞിരുന്നത് കൊണ്ടാണ്.. ഒരു സാധാരണക്കാരനേക്കാള്‍ അഴകളവിലും വസ്ത്രധാരണത്തിലും കുറ്റാന്വേഷകന്‍ ഒരു വ്യത്യസ്തന്‍ ആയിരിക്കും എന്ന് പറഞ്ഞു വെച്ച രചന ആയിരുന്നു പുഷ്പനാഥിന്റെത് . ഒരുപക്ഷേ നെറ്റിയില്‍ കുങ്കുമ പൊട്ടും പിന്നില്‍ കെട്ടിയ കൈയ്യുമായി സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസര്‍ തിരശീലയില്‍ പലവട്ടം ജന്മം എടുത്തില്ലായിരുന്നു എങ്കില്‍ ഒരു കുറ്റാന്വേഷകന്‍ എന്നാല്‍ മലയാളി മനസ്സില്‍ ഇപ്പോഴും ആറടി മൂന്നിഞ്ച് ഉയരവും , നീണ്ട അഗ്രം വളഞ്ഞ നാസികയും , തീഷ്ണമായ കണ്ണുകളും, ക്ലീന്‍ഷേവ് ചെയ്തമുഖവും , ദൃഡമായ മാംസപേശികളും ഉള്ള സാധാരണക്കാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന മലയാളത്തിന്റെ സ്വന്തം കുറ്റാന്വേഷകന്‍ ഡിറ്റക്ടീവ് മാര്‍ക്സിന്‍ തന്നെ ആയേനെ. ലോകത്തിലെ ഏറ്റവും പേരെടുത്ത ഷെര്‍ലക് ഹോംസിനോളം തന്നെ അറിയപ്പെടുന്ന ആളെന്നു സ്രഷ്ടാവായ കോട്ടയം പുഷ്പനാഥ് തന്നെ വിശേഷിപ്പിച്ച നാം ഏവരും അങ്ങനെ തന്നെ വിശ്വസിച്ച ഡിറ്റക്ടീവ് മാര്‍ക്സിന്‍. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും എന്തിനേറെ ഇന്ത്യയിലും ഡിറ്റക്ടീവ് മാര്‍ക്സിന്റെ പേര് സുപരിചിതമാണ്. .
കാര്‍പാത്യന്‍ മലനിരകളിലൂടെ മാര്‍ക്സിനും കാമുകിയും സാഹസികയാത്ര നടത്തുന്നതും ഇംഗ്ളണ്ടിലെ നഗരങ്ങളും ബര്‍മുഡ ട്രയാംഗിളും ശാന്തസമുദ്രത്തിലെ അന്തര്‍വാഹിനിയുമെല്ലാം തൊട്ടറിഞ്ഞതുപോലെയാണ് പുഷ്പനാഥ് എഴുതിയിട്ടുള്ളത്. ഈ മനുഷ്യന്‍ വിദേശത്തൊന്നും പോയിട്ടില്ല എന്നറിയുമ്പോഴാണ് കൌതുകം വര്‍ധിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിയും റീഡേഴ്സ് ഡൈജ്സ്റ്റും മറ്റു വിജ്ഞാനഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമൊക്കെ വായിച്ച് ഹൃദിസ്ഥമാക്കിയാണ് ഈ പശ്ചാത്തലവിവരണങ്ങളൊക്കെ നടത്തിയിട്ടുള്ളത്. സൂഷ്മനിരീക്ഷണത്തിനുള്ള ക്ഷമയുണ്ടായാല്‍ അതൊക്കെ സാധ്യമാകുമെന്നാണ് പുഷ്പനാഥ് തന്നെ വെളിവാക്കുന്നത്.
വായനക്കാര്‍ക്ക് പുഷ്പനാഥിനെക്കാള്‍ അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങളായ ഡിറ്റക്ടീവ് മാര്‍ക്സിനെയും ഡിറ്റക്ടീവ് പുഷ്പരാജിനെയുമാണ് അടുത്തു പരിചയം. വിദേശത്തെ കേസുകള്‍ മാര്‍ക്സിനും ഇന്ത്യയിലെ കേസുകള്‍ പുഷ്പരാജുമാണ് കൈകാര്യംചെയ്തിട്ടുള്ളത്. രണ്ടുപേരും ഒരുമിച്ച് കൈകാര്യംചെയ്ത കേസുകളുണ്ട്. മാര്‍ക്സിന്റെ കൂട്ടുകാരി എലിസബത്തിനെയും പുഷ്പരാജിന്റെ കാമുകി മോഹിനിയെയും വായനക്കാര്‍ മറക്കില്ല.
കുറ്റാന്വേഷണമാകുമ്പോള്‍ ചരിത്രം, ശാസ്ത്രം, പൊലീസ്, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അറിവുണ്ടാകണം. ഇതൊക്കെ അദ്ദേഹം നേടിയത് നിരന്തരമായ വായനയിലൂടെ. എഴുത്തിന്റെ ട്രന്റ് മാറിയപ്പോള്‍ ഡിറ്റക്ടീവ് മാര്‍ക്സിനിനും പുഷ്പരാജിനും പുഷ്പനാഥിന്റെ അവസാന കാലത്ത് വിശ്രമകാലമായിരുന്നു. പകരം ദുര്‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളുമെല്ലാം നിറഞ്ഞാടുന്നു. കുറ്റാന്വേഷണ കഥകളെക്കാള്‍ ഇപ്പോള്‍ മാന്ത്രികനോവലുകളാണ് പ്രിയം. പ്രത്യേകിച്ചും തമിഴില്‍.
ബ്രഹ്മരക്ഷസ്, രണ്ടാംവരവ്, നീലക്കണ്ണുകള്‍, പടകാളിമുറ്റം, സൂര്യരഥം തുടങ്ങിയവയൊക്കെ മാന്ത്രികനോവലുകളുടെ പട്ടികയില്‍പ്പെടുന്നു. എഴുതിക്കൂട്ടിയ രചനകളുടെ എണ്ണം പോയിട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണക്കുപോലും അദ്ദേഹത്തിനറിയില്ല.
മിക്ക ദുര്‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളും മഹാമാന്ത്രികരുമൊക്കെ ഹൈന്ദവനാമങ്ങളില്‍ അറിയപ്പെടുന്നവരാണെങ്കില്‍ പുഷ്പനാഥ് ക്രൈസ്തവരെയും രംഗത്തുകൊണ്ടുവരുന്നുണ്ട്.ചുവന്ന കൈകളില്‍ എന്ന മാന്ത്രികനോവലിലാണ് ഈ പരീക്ഷണം. ആ കഥാപാത്രങ്ങള്‍ സെന്റ് തോമസിന്റെ കാലത്ത് മതപരിവര്‍ത്തനംചെയ്തവരാണെന്ന മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. കോട്ടയം ഗുഡ്ഷെപ്പേഡ് എല്‍പിഎസിലായിരുന്നു പുഷ്പനാഥിന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. പിന്നീട് എംടി സെമിനാരി ഹൈസ്കൂളിലെത്തിയതോടെ വായനയ്ക്ക് അടിമപ്പെട്ടു. അധ്യാപകനായിരുന്ന കെ പി ഐപ്പ് (കോവൂര്‍ കുടുംബാംഗം) ഇടവേളകളില്‍ പറഞ്ഞുകൊടുത്ത കഥകളാണ് പുഷ്പനാഥിനെ സൃഷ്ടികളുടെ ലോകത്തേക്ക് നയിച്ചത്. കുട്ടികളില്‍ ജിജ്ഞാസയുണര്‍ത്തുന്ന അത്തരം കഥകള്‍ ബോധ്യപ്പെടുത്താന്‍ ബോര്‍ഡില്‍ ഐപ്പ്സാര്‍ ചിത്രങ്ങളും വരയ്ക്കുമായിരുന്നു. ഇതിനുപുറമെയാണ് അധ്യാപികയായിരുന്ന അമ്മയുടെ സഹായം. പുസ്തകങ്ങളും വാരികകളുമെല്ലാം യഥേഷ്ടം അവര്‍ എത്തിച്ചുകൊടുത്തു. വ്യാപാരിയാണെങ്കിലും നല്ല വായനക്കാരനായിരുന്ന അച്ഛനും പ്രോത്സാഹിപ്പിച്ചു. അദ്ദേഹം വായനയ്ക്കിടയില്‍ കണ്ടെത്തിയ പേരാണ് പുഷ്പനാഥ്.
സ്കൂള്‍കാലത്തുതന്നെ ചെറിയതോതിലുള്ള എഴുത്ത് തുടങ്ങി. സ്കൂള്‍ മാഗസിനിലടക്കം അതു പ്രസിദ്ധീകരിച്ചു. പിന്നീട് സിഎന്‍ഐ ട്രെയ്നിങ് സ്കൂളില്‍ നിന്ന് ടിടിസി പാസായി അധ്യാപകവൃത്തിയിലേക്ക്. എഴുത്തില്‍ കൂടുതല്‍ സജീവമായി. ചമ്പക്കുളം ബികെഎം ബുക്സിന്റെ ഡിറ്റക്ടര്‍ എന്ന മാഗസിനിലാണ് ആദ്യകാലത്ത് കൂടുതല്‍ എഴുതിയത്. അക്കാലത്ത് കേരളത്തില്‍ വന്‍ പ്രചാരമുണ്ടായിരുന്ന മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് ശരിക്കും അറിയപ്പെട്ടുതുടങ്ങിയത്. പിന്നാലെ മനോരമയില്‍ പാരലല്‍ റോഡ്. ഇതോടെ സകല ‘മ’ പ്രസിദ്ധീകരണങ്ങള്‍ക്കും പുഷ്പനാഥ് അവിഭാജ്യ ഘടകമായി. ഒരേസമയം പത്തും പതിനഞ്ചും വാരികകള്‍ക്ക് തുടര്‍നോവലുകള്‍ എഴുതുന്ന സാഹസികകൃത്യം ഏറ്റേടുക്കേണ്ടിവന്നു. നോവലുകള്‍ പുസ്തകമാക്കാനും വിദേശനോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും സമയം കണ്ടെത്തി. ഇതൊന്നും തന്റെ തൊഴിലായ അധ്യാപനത്തെ ബാധിച്ചുമില്ല. ഇതിനിടയില്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്തു.
ചുവന്ന അങ്കിയും ബ്രഹ്മരക്ഷസും സിനിമയായിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തുടങ്ങിയ ആ എഴുത്തിന്റെ പ്രക്രിയ അവസാനം വരെ തുടര്‍ന്നു. മലയാളത്തിലെ സാധ്യതകള്‍ക്ക് കുറവില്ലെങ്കിലും തമിഴില്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് നല്ല ഡിമാന്‍ഡായിരുന്നു. എഴുപതോളം നോവലുകളുടെ തമിഴ് പരിഭാഷ ഇതിനകം പ്രസിദ്ധീകരിച്ചു. തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകളിലും നോവലുകള്‍.ഡിക്റ്റീവ്, മാന്ത്രിക നോവല്‍ സാഹിത്യ ശാഖയില്‍ മലയാളത്തില്‍ പകരം വെയ്ക്കാനില്ലാത്ത പേരാണ് കോട്ടയം പുഷ്പനാഥിന്റേത്. നൂറിലേറെ പുസ്തകങ്ങള്‍ കോട്ടയം പുഷ്പനാഥിന്റേതായിട്ടുണ്ട്. വാരികകളിലെ നോവലെഴുത്തിലൂടെയാണ് പുഷ്പനാഥ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്.
കോട്ടയം ജില്ലയിൽ അധ്യാപകനായിരുന്ന പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയിൽനിന്ന് സ്വയം വിരമിച്ചശേഷം പൂർണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂർ പ്രൈവറ്റ് സ്‌കൂൾ, ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്, ആർപ്പൂക്കര ഗവൺമെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ.മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.