ന്യൂഡല്‍ഹി : മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി – കോണ്‍ഗ്രസ് ഏറ്റുമുട്ടലിനു വിരാമം. ഇരുവിഭാഗവും പാര്‍ലമെന്റില്‍ സമവായ പ്രസ്താവന നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ മനഃപ്പൂര്‍വം അപമാനിക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. അത്തരത്തിലുള്ള ധാരണകള്‍ തെറ്റാണ്. ഈ നേതാക്കളോടും അവര്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങള്‍ക്കുള്ളതെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ബിജെപിയുടെ വിശദീകരണം അംഗീകരച്ച പ്രതിപക്ഷം, നിലപാടില്‍ നന്ദി പറയുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയുമായി പാര്‍ട്ടിക്കു ബന്ധമില്ല. ഭാവിയില്‍ അത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ലെന്നു ഗുലാം നബി ആസാദ് പറഞ്ഞു.
മോദിയുടെ പ്രസ്താവന ഇങ്ങനെ
ഗുജറാത്തിലെ പലന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പാക്കിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉയര്‍ത്തിയത്. തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഈ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സ്വവസതിയില്‍ ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ ആരോപണം. പാക്ക് സൈന്യത്തിലെ ഡയറക്ടര്‍ ജനറലായിരുന്ന സര്‍ദാര്‍ അര്‍ഷാദ് റഫീഖ്, അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചിരുന്നു.
മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ചില കൂടിയാലോചനകള്‍ നടന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. പാക്കിസ്ഥാന്‍ സ്ഥാനപതിയും പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവര്‍ കൂടിയാലോചന നടത്തിയെന്നും മോദി ആരോപിച്ചിരുന്നു.