ലണ്ടൻ: നീലയില്‍ ആറാടിയ എത്തിഹാഡ് സ്റ്റേഡിയത്തിൽ ഹഡേർസ്ഫീൽഡിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. 36 മത്സരങ്ങളിൽനിന്ന് 94 പോയിന്റ് നേടിയാണ് സിറ്റി കിരീടം സ്വന്തമാക്കിയത്. തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 77 പോയിന്റുകൾ മാത്രമാണുള്ളത്.പെപ് ഗ്വാര്‍ഡിയോളയുടെ കീഴിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീട നേട്ടമാണ് സിറ്റിക്കിത്. മാനുവല്‍ പെല്ലഗ്രിനിയുടെ കീഴില്‍ 2013-14 സീസണില്‍ ആണ് അവസാനമായി സിറ്റി ലീഗ് കിരീടം നേടിയത്.
ഗോൾ മഴയിൽ ചെൽസിയുടെ റെക്കോഡ് മറികടക്കാമെന്ന മോഹവുമായെത്തിയ സിറ്റിയെ ഹഡേർസ്ഫീൽഡ് സമനിലയിൽ കുരുക്കുകയായിരുന്നു. ചെൽസിയുടെ 2004-2005 സീസണിലെ 95 പോയിന്റ് റെക്കോഡായിരുന്നു ഒരു ലക്ഷ്യം. ചെൽസിയുടെ തന്നെ 2000-10 സീസണിലെ ഗോളടി റെക്കോഡും സിറ്റിയെ കാത്തിരുന്നു. എന്നാൽ ഗബ്രിയേൽ ജീസസും കെവിൻ ഡി ബ്രൂണിയും ഗോളിനടത്തു പലതവണ എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.