ബംഗളുരു: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നാല്‍പ്പത്തെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജയിംസ് (20) ബംഗളുരുവില്‍ എത്തിയതായി സ്ഥിരീകരണം. ബെംഗളൂരു മടിവാളയിലെ ആശ്വാസ ഭവനില്‍ ആശ്രയഭവനില്‍ ജെസ്‌നയും സുഹൃത്തും എത്തിയിരുന്നതായാണു സ്ഥിരീകരിച്ചത്. ഇവിടെ താമസിക്കാന്‍ മുറി അന്വേഷിച്ചു ചെന്നതായും മുറിയില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോയതായും ആശ്രമ അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച 11.30 ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. അവിടെ പള്ളിയുമായി ബന്ധപ്പെട്ട ചിലര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.
ബൈക്കിലാണ് ബെംഗലുരുവിലെത്തിയതെന്നും ഇടക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതായും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടി. താമസ സൗകര്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോവുന്നു എന്ന് പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌ന മരിയ ജയിംസി(20)നെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജെസ്‌ന.